യു ട്യൂബർ ജ്യോതി മൽഹോത്രയ്ക്കു പാക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം
Monday, May 19, 2025 1:39 AM IST
ചണ്ഡിഗഡ്: രാജ്യത്തെ തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാനു ചോർത്തി നൽകിയതിന് അറസ്റ്റിലായ യു ട്യൂബർ ജ്യോതി മൽഹോത്രയ്ക്കു പാക് രഹസ്യാന്വേഷണ വിഭാഗവുമായി അടുത്ത ബന്ധമെന്നു ഹരിയാന പോലീസ്.
ജ്യോതിയെ ഒരു വലിയ സ്വത്തായി വളർത്തിയെടുക്കാനാണ് പാക് രഹസ്യകേന്ദ്രങ്ങൾ ശ്രമിച്ചതെന്നും പോലീസ് പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ ഇന്ത്യ സൈനിക നടപടി നടത്തിയ നാലുദിവസവും പാക് ഹൈക്കമ്മഷനിലെ ഒരു ഓഫീസറുമായി ജ്യോതി മൽഹോത്ര ആശയവിനിമയം നടത്തിയിരുന്നു.
സൈനിക, പ്രതിരോധ നടപടികളെക്കുറിച്ച് നേരിട്ടുള്ള വിവരം ജ്യോതി മൽഹോത്രക്കു ലഭിച്ചിരുന്നില്ല. എന്നാൽ ഇവരെ ഫലപ്രദമായി ഒപ്പം ചേർക്കാൻ പാക് ഉദ്യോഗസ്ഥർ ശ്രമിച്ചു. മറ്റ് യു ട്യൂബർമാരെയും ഇവരെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു. ഇതും ഒരുതരം യുദ്ധതന്ത്രമാണെന്ന് പോലീസ് പറയുന്നു. ജ്യോതി മൽഹോത്രയുടെ സാന്പത്തിക ഇടപാടുകളും യാത്രവിവരങ്ങളും പരിശോധിച്ചുവരികയാണ്.
കേന്ദ്ര ഏജൻസികളുടെ സഹായം തേടുന്നതായും അവർ വ്യക്തമാക്കി. ജ്യോതിക്കൊപ്പം മറ്റ് ആറുപേരും അറസ്റ്റിലായിരുന്നു. ‘ട്രാവൽ വിത്ത് ജോ’ എന്ന യുട്യൂബ് ചാനലാണ് ജ്യോതി മൽഹോത്ര നടത്തിയിരുന്നത്.