രാഷ്ട്രീയവിവാദം കനക്കുന്നു ' ഓപ്പറേഷൻ സിന്ദൂറിൽ ജയ്ശങ്കറിന്റെ പ്രസ്താവന
Tuesday, May 20, 2025 2:18 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലെ തീവ്രവാദ ക്യാന്പുകൾക്കു നേരേ കഴിഞ്ഞ ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പാക് സൈന്യത്തെ നേരത്തേ അറിയിച്ചിരുന്നതായുള്ള വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പ്രസ്താവനയിൽ രാഷ്ട്രീയ വിവാദം കനക്കുന്നു. തന്റെ പ്രസ്താവനയിൽ ഇതുവരെയും പ്രതികരിക്കാത്ത ജയ്ശങ്കറിന്റെ മൗനം ഭയാനകമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ജയ്ശങ്കർ പറഞ്ഞ കാര്യത്തിന്റെ നിജസ്ഥിതി രാജ്യത്തിന് അറിയണമെന്നും ഇന്ത്യയുടെ പ്രത്യാക്രമണം പാക്കിസ്ഥാന് അറിയാമായിരുന്നതിനാൽ ഇന്ത്യക്ക് എത്ര പോർവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സംഭവിച്ചത് വെറുമൊരു വീഴ്ച മാത്രല്ല, കുറ്റകൃത്യമാണു സംഭവിച്ചതെന്നും രാഹുൽ ആരോപിച്ചു.
തീവ്രവാദ ലോഞ്ച് പാഡുകൾ ഇന്ത്യൻ സേന ആക്രമിക്കുകയാണെന്ന് പാക്കിസ്ഥാന് ഒരു സന്ദേശം അയച്ചിരുന്നു. തങ്ങൾ സൈന്യത്തിനു നേരേ ആക്രമണം നടത്തുന്നില്ലെന്നും അതിനാൽ സൈന്യത്തിന് ഇന്ത്യൻ നടപടിയിൽനിന്നു മാറി നിൽക്കാമെന്നും ജയ്ശങ്കർ പറയുന്ന വീഡിയോ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചുകൊണ്ടാണ് രാഹുൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നത്.
ഈ മാസം 17ന് എക്സിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിൽ ഇന്ത്യക്ക് എത്ര പോർവിമാനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ജയ്ശങ്കറിന്റെ മൗനം ഭയപ്പെടുത്തുന്നു എന്ന കുറിപ്പോടെ സമാന പോസ്റ്റ് ഇന്നലെയും രാഹുൽ പങ്കുവച്ചു.
രാജ്യദ്രോഹനടപടിയാണ് ജയ്ശങ്കറിന്റെ ഭാഗത്തുനിന്നു സംഭവിച്ചതെന്ന് ഇന്നലെ എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ കോണ്ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി പവൻ ഖേര ആരോപിച്ചു.
‘ഓപ്പറേഷൻ സിന്ദൂറി’ ന്റെ രഹസ്യം വിദേശകാര്യമന്ത്രി പാക്കിസ്ഥാനുമായി പങ്കുവച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് മധ്യസ്ഥത വഹിച്ചതു താനാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിൽ കേന്ദ്രസർക്കാർ സത്യാവസ്ഥ വ്യക്തമാക്കണമെന്നും ഖേര ആവശ്യപ്പെട്ടു.
അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ എന്തൊക്കെ കാര്യങ്ങളാണു പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും മറച്ചുവയ്ക്കുന്നതെന്ന് രാജ്യത്തോടു വെളിപ്പെടുത്തണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, രാഹുൽ പാക്കിസ്ഥാന്റെ ഭാഷയിലാണു സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മണ്ടത്തരങ്ങൾ യാദൃച്ഛികമല്ലെന്നുമാണ് സമൂഹമാധ്യമത്തിലെ പോസ്റ്റിനെതിരേ ബിജെപി പ്രതികരിച്ചത്.
വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നായിരുന്നു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചതിനുശേഷമുള്ള ആദ്യഘട്ടത്തിലാണ് സർക്കാർ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയതെന്നും ദൗത്യം ആരംഭിക്കുന്നതിനു മുന്പല്ല ഇതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.