പിടിച്ചെടുത്ത വാഹനങ്ങൾ മൂലം ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകരുത്: ബോംബെ ഹൈക്കോടതി
Tuesday, May 20, 2025 12:00 AM IST
മുംബൈ: സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന മുംബൈ പോലെയുള്ള വൻനഗരങ്ങളിലെ തെരുവുകളിലോ ഡംപിഗ് യാർഡുകളിലോ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉപേക്ഷിക്കരുതെന്നു ബോംബെ ഹൈക്കോടതി. നാഥനില്ലാത്ത ഇത്തരം വാഹനങ്ങൾ നശിപ്പിച്ചുകളയാനുള്ള നടപടികൾ പോലീസ് കൈക്കൊള്ളണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റീസുമാരായ ജി.എസ്. കുൽക്കർണി, അദ്വൈത് സേത്ത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. പിടിച്ചെടുത്ത വാഹനങ്ങൾ കൂട്ടിയിട്ട് തങ്ങളുടെ പ്രവേശനകവാടത്തിനു വെളിയിൽ നിരന്തരം തടസം സൃഷ്ടിക്കുന്ന പോലീസ് നടപടിക്കെതിരേ മാരത്തൺ മാക്സിമ ഹൗസിംഗ് സൊസൈറ്റി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എല്ലാ വാർഡിലും സൗകര്യപ്രദമായ സ്ഥലങ്ങൾ ഇതിനായി സംസ്ഥാന സർക്കാർ കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു.
കൂടുതൽ വാദം കേൾക്കാനായി കേസ് ജൂലൈ രണ്ടിലേക്ക് മാറ്റിയ കോടതി, പ്രശ്നം ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിനായി സ്വീകരിക്കനുദ്ദേശിക്കുന്ന നടപടികൾ അറിയിക്കണമെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റിനോടും ആവശ്യപ്പെട്ടു.