ബംഗളൂരുവിൽ കനത്ത മഴ; നാശം
Tuesday, May 20, 2025 12:00 AM IST
ബംഗളൂരു: കനത്ത മഴയിൽ ബംഗളൂരുവിലെ റോഡുകൾ വെള്ളത്തിനടിയിലായി. ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ മഴ ഇന്നലെ പുലർച്ചെ അഞ്ചിനാണു ശമിച്ചത്.
പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത തടസമുണ്ടായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം ഇരച്ചുകയറി. ചില താഴ്ന്ന സ്ഥലങ്ങളിൽ മൂന്നടി വരെ വെള്ളം കയറി.
പലയിടത്തും മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലം പൊത്തി.
വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വൈറ്റ്ഫീൽഡ് പ്രദേശത്ത് മതിൽ ഇടിഞ്ഞുവീണ് ശശികല (35) എന്ന സ്ത്രീ മരിച്ചു. മഴയില് വീടിന്റെ മതില് ഇടിഞ്ഞു ശശികലയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ ബംഗളൂരുവിലെ ഒരു റോയൽ എൻഫീൽഡ് ഡീലർഷിപ്പിലെ പുതിയ മോട്ടോർസൈക്കിളുകൾ വെള്ളത്തിൽ മുങ്ങി
. പല പ്രദേശങ്ങളും വെള്ളക്കെട്ടിലായതോടെ ഇന്നലെ ഓഫീസുകളിലും മറ്റുമെത്താൻ നിരവധി ജീവനക്കാർക്കു സാധിച്ചില്ല. പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐടി ജീവനക്കാർ ആവശ്യപ്പെട്ടു.
മഹാദേവപുരയിലെ സായ് ലേഔട്ടിലാണ് ഏറ്റവും കൂടുതൽ പ്രളയക്കെടുതിയുണ്ടായത്. വെള്ളത്താൽ ചുറ്റപ്പെട്ട വീടുകളിൽനിന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ രണ്ട് ബോട്ടുകളിലാണ് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിൽ എത്തിച്ചത്. രാജരാജേശ്വരി നഗറിൽ വെള്ളത്തിൽ അകപ്പെട്ട് അഞ്ചു കന്നുകാലികൾ ചത്തു.
12 വീടുകളിലും വെള്ളം കയറി. എച്ച്ആർബിആർ ലേഔട്ട്, ബൈസാന്ദ്ര ലേ ഔട്ട് തുടങ്ങിയ മേഖലകളിൽ റോഡുകൾ വെള്ളത്തിനടിയിലായതോടെ വാഹനഗതാഗതം മണിക്കൂറുകളോളം പൂർണമായി സ്തംഭിച്ചു. കനത്ത മഴയിൽ യെലഹങ്ക മേഖലയിലെ 29 തടാകങ്ങളും നിറഞ്ഞുകവിഞ്ഞതായി അധികൃതർ അറിയിച്ചു.
നഗരത്തിൽ ഇന്നും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നഗരത്തിൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ടും ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ഹാവേരി, ബെലഗാവി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു ദിവസമായി പെയ്യുന്ന മഴയെത്തുടർന്ന് ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപുര, തുമകുരു, മാണ്ഡ്യ, മൈസൂരു, ഹാസൻ, കുടക്, ബെലഗാവി, ബിദാർ, റായ്ച്ചുർ, യാദ്ഗിർ, ദാവൻഗരെ, ചിത്രദുർഗ ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.