വീണ്ടും കോവിഡ് ഭീതി; ഹോങ്കോംഗിൽ 31 മരണം
Tuesday, May 20, 2025 2:18 AM IST
ന്യൂഡല്‍ഹി: ഭീതി വിതച്ച് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം പടരുന്നു.
ഹോങ്കോംഗ്, സിംഗപ്പുര്‍, ചൈന, തായ്ലന്ഡ് എന്നീ രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത്. ഹോങ്കോംഗിൽ 31 പേർ മരിച്ചതായും 81 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
രോഗബാധിതരിൽ ഭൂരിഭാഗവും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള പ്രായമായ വ്യക്തികളായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് ആഴ്ചയ്ക്കുള്ളിൽ ഹോങ്കോംഗിൽ കോവിഡ് കേസുകൾ ഓരോ ആഴ്ചയും 30 മടങ്ങിലധികം വർധിച്ചു.
സിംഗപ്പുരിലും ഒരാഴ്ചയ്ക്കുള്ളിൽ കേസുകൾ 30 ശതമാനം വർധിച്ചു. ചൈനയില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും രോഗബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നത്.
തായ്ലന്ഡില് ഏപ്രില്‍ മുതലാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നുതുടങ്ങിയത്. രോഗബാധിതരിൽ ഭൂരിഭാഗവും ഈ വർഷവും ബൂസ്റ്റർ ഡോസ് വാക്സിനെടുത്തവരാണ്.