മുംബൈയില്‍ രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റില്‍
Tuesday, May 20, 2025 9:16 AM IST
മുംബൈ: രണ്ടരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മുംബൈയിലാണ് അതിദാരുണമായ സംഭവം. മുപ്പതുകാരിയായ അമ്മയുടെ മുന്നില്‍ വച്ചാണ് കുട്ടിയെ പത്തൊന്‍പതുകാരനായ കാമുകന് ക്രൂരപീഡനത്തിന് ഇരയാക്കിയത്.
പീഡനത്തെ തുടര്‍ന്ന് ഞായറാഴ്ച കുട്ടിയെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കം മുറിവ് കണ്ടതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. കൊലപാതകം, പോക്സോ അടക്കം വിവിധ വകുപ്പുകൾ ചുമത്തി അമ്മയ്ക്കും കാമുകനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.