മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു
Tuesday, May 20, 2025 11:59 AM IST
മുംബൈ: കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നതിനിടെ മഹാരാഷ്ട്രയിൽ രണ്ട് മരണം. മുംബൈയിലാണ് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേർ മരിച്ചത്.
എന്നാൽ ഇവരിൽ ഒരാൾക്ക് കാൻസറും മറ്റൊരാൾക്ക് നെഫ്രോട്ടിക് സിൻഡ്രോമും നേരത്തെ ഉണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ വിശദീകരണം.
സിങ്കപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് ബാധ ആശങ്ക ഉയർത്തുന്നതിനിടെയാണ് മഹാരാഷ്ട്രയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച വിലയിരുത്തിയിരുന്നു. നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിലെ കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തൽ.