കല്യാണിയുടേത് മുങ്ങിമരണം; ഹൃദയാഘാതമുണ്ടായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Tuesday, May 20, 2025 3:46 PM IST
കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി കല്യാണിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കല്യാണിയുടേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയിരുന്നെന്നും റിപ്പോർട്ടിലുണ്ട്. കളമശേരി മെഡിക്കൽ കോളജിൽ ഇന്ന് വൈകുന്നേരത്തോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്.
മൃതദേഹം തിരുവാങ്കുളം മറ്റക്കുഴിയിലുള്ള കുട്ടിയുടെ പിതൃഭവനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. നാലിന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
അതേസമയം കേസിൽ കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തു.
ഇവർക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇവര് കുറ്റം സമ്മതിച്ചെങ്കിലും കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.