വയലും നീരൊഴുക്കും ഇല്ലാതാക്കിയുള്ള നിർമാണമാണ് തകർച്ചക്കുള്ള കാരണം: ബിനോയ് വിശ്വം
Tuesday, May 20, 2025 9:36 PM IST
തിരുവനന്തപുരം: ദേശീയ പാതയിലെ തകർച്ചക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. വയലും നീരൊഴുക്കും ഇല്ലാതാക്കിയുള്ള നിർമാണമാണ് തകർച്ചക്കുള്ള കാരണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
തിങ്കളാഴ്ചയാണ് മലപ്പുറത്ത് ദേശീയ പാത തകർന്നത്. ഇതിനെതിരായാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. കേരളത്തിലെ വയലുകളും നീരാഴുക്കുകളും ഇല്ലാതാക്കിക്കൊണ്ട് ദേശീയപാത നിർമിക്കുന്ന നാഷണൽ ഹൈവേ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് മലപ്പുറം ജില്ലയിലെ റോഡുകൾ തകരാൻ കാരണമെന്ന് ബിനോയ് വിശ്വം വാർത്താകുറിപ്പിൽ പറഞ്ഞു.
വർഷത്തിൽ പകുതിയോളം കാലം മഴപെയ്യുന്ന കേരളത്തിലെ കാലാവസ്ഥാപ്രത്യേകതകൾ പരിഗണിക്കാത്ത എൻഎച്ച്എഐ അധികാരികളും കോൺട്രാക്ടർമാരും ഈ കൊടിയ നാശത്തിന് ഉത്തരം പറയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
"ഹൈവേ വികസനം കേരളത്തിൽ അസാധ്യമെന്ന് പറഞ്ഞ് ഇട്ടേച്ച് പോയവരാണ് എൻഎച്ച്എഐ അധികാരികളും കോൺട്രാക്ടർമാരും. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി മൂലമാണ് ആ നിലപാട് മാറ്റാൻ അവർ നിർബന്ധിതരായത്.'-ബിനോയ് വിശ്വം പറഞ്ഞു.