മുംബൈ ഇന്ത്യൻസ് x ഡൽഹി ക്യാപ്പിറ്റൽസ് പോരാട്ടം ഇന്ന്
Tuesday, May 20, 2025 11:24 PM IST
മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 പ്ലേ ഓഫ് ലക്ഷ്യമിട്ട് രണ്ടു ടീമുകൾ ഇറങ്ങുന്നു. ഇന്നത്തെ നിർണായക പോരാട്ടത്തിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസും അക്ഷർ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഡൽഹി ക്യാപ്പിറ്റൽസും ഏറ്റുമുട്ടും.
പ്ലേ ഓഫിലേക്കുള്ള നാലാമത്തെ ടീമാകാനുള്ള മത്സരത്തിലാണ് ഇരുകൂട്ടരും. അതുകൊണ്ട് തന്നെ ഈ പോരാട്ടം പ്ലേ ഓഫിനു മുന്‍പ് ഒരു നോക്കൗട്ട് പോരാട്ടമാകും.
ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ് ടീമുകൾ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.
ട്വിസ്റ്റുകൾ നിറഞ്ഞ പോരാട്ടം
മുംബൈ ഇന്ത്യൻസ് (നാലാം സ്ഥാനം): മത്സരങ്ങൾ: 12, പോയിന്റ്: 14, നെറ്റ് റണ്‍റേറ്റ്: 1.156, ശേഷിക്കുന്ന മത്സരങ്ങൾ: ഡൽഹി ക്യാപിറ്റൽസ് (ഹോം), പഞ്ചാബ് കിംഗ്സ് (ജയ്പുർ- 26)
ഡൽഹി ക്യാപ്പിറ്റൽസ് (അഞ്ചാം സ്ഥാനം): മത്സരങ്ങൾ: 13, പോയിന്റ് : 13, നെറ്റ് റണ്‍റേറ്റ്: 0.260, ശേഷിക്കുന്ന മത്സരങ്ങൾ: മുംബൈ (എവേ), പഞ്ചാബ് കിംഗ്സ് (ജയ്പുർ-24).
ഇന്ന് ഡൽഹിയെ തോൽപ്പിച്ചാൽ പാണ്ഡ്യയുടെ സംഘത്തിന് 16 പോയിന്റുമായി അവസാന ലീഗ് മത്സരത്തിനു മുന്‍പേ പ്ലേ ഓഫിലെത്താം. ഡൽഹി ക്യാപ്പിറ്റൽസ് പുറത്താകുകയും ചെയ്യും. ഡൽഹി അവസാന ലീഗ് മത്സരം ജയിച്ചാലും കൂടിയത് 15 പോയിന്റ് മാത്രമേ കിട്ടൂ.
മുംബൈ തോറ്റാൽ അവർ 14 പോയിന്റിൽ നിൽക്കുകയും ഡൽഹി 15 പോയിന്റിലെത്തുകയും ചെയ്യും. 24ന് അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ തോല്പിച്ചാൽ ഡൽഹി 17 പോയിന്റുമായി പ്ലേ ഓഫിലെത്തും. മുംബൈ ഇന്ത്യൻ പ്ലേ ഓഫ് കാണില്ല. മുംബൈ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് ജയിച്ചാലും 16 പോയിന്റേ ലഭിക്കൂ.
ഡൽഹി ഇന്ന് ജയിച്ചാലും മുംബൈക്ക് ഒരു അവസരം കൂടിയുണ്ട്. അവസാന ലീഗ് മത്സരത്തിൽ പഞ്ചാബിനോട് ഡൽഹി പരാജയപ്പെടണം. 26ന് പഞ്ചാബിനെ തോൽപ്പിക്കുകയും ചെയ്താൽ മുംബൈ സംഘം 16 പോയിന്റുമായി പ്ലേ ഓഫിലെത്തും.
ഇന്നോ 26നോ പ്ലേ ഓഫിലേക്കുള്ള നാലാമത്തെ ടീം ആരെന്നുള്ളത് അറിയാനാകും. എന്നാൽ ആദ്യ രണ്ടു സ്ഥാനക്കാർ ആരെന്നു നിർണയിക്കുക ലീഗിലെ അവസാന മത്സരത്തിലൂടെയാകും.
ഉറപ്പിക്കാൻ മുംബൈ; വിട്ടുകൊടുക്കാതിരിക്കാൻ ഡൽഹി
ഡൽഹി ക്യാപ്പിറ്റൽസിന്റെ നിലവിലെ ഫോമും കടലാസിലെ കരുത്തും നോക്കിയാൽ മുംബൈ ഇന്ത്യൻസാണ് ഇന്നത്തെ ഫേവറിറ്റുകൾ. രോഹിത് ശർമ, നമാൻ ദിർ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്. പേസർമാരായ ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, ദീപക് ചഹാർ എന്നിവർ ഫോമിലാണ്. ഇവർക്കൊപ്പം കരണ്‍ ശർമ, അശ്വിനി കുമാർ എന്നിവരും മികവ് പുറത്തെടുക്കുന്നു.
ഡൽഹി ക്യാപ്പിറ്റൽസിന്റെ ബൗളിംഗ് യൂണിറ്റ് നിരാശാജനകമാണ്. അതേസമയം അവരുടെ ചില പ്രധാന ബാറ്റ്സ്മാൻമാർ പരാജയമാകുകയോ മികച്ച തുടക്കങ്ങൾ വലിയ ഇന്നിംഗ്സുകളാക്കി മാറ്റാൻ കഴിയാതിരിക്കുകയോ ചെയ്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരാൽ സന്പന്നമാണ് ഇരുടീമും. മുംബൈയ്ക്കൊപ്പം ബുംറ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ബോൾട്ട്, രോഹിത് ശർമ്മ തുടങ്ങിയവരും ഡൽഹിക്കൊപ്പം കെ.എൽ. രാഹുൽ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, ഫാഫ് ഡുപ്ലസി തുടങ്ങിയവരുമുണ്ട്.
ഡൽഹി ക്യാപ്പിറ്റൽസിന് തുടക്കത്തിലുണ്ടായിരുന്ന ഫോം നഷ്ടപ്പെട്ടിരിക്കുകയാണ്. ആദ്യ ആറു കളിയിൽ അഞ്ചു ജയം നേടിയപ്പോൾ ഒരു തോൽവി മാത്രമുണ്ടായിരുന്ന ഡൽഹി കഴിഞ്ഞ ആറു കളിയിൽ ഒരെണ്ണം മാത്രം ജയിച്ചു, നാലെണ്ണം തോറ്റു. ഒരു മഴമൂലം മൂലം പോയിന്റ് പങ്കുവച്ചു. തുടക്കത്തിലുണ്ടായ പതർച്ചയ്ക്കു ശേഷം മുംബൈ ഇന്ത്യൻസ് ഫോമിലേക്കുയർന്നു. കഴിഞ്ഞ അഞ്ചു കളിയിൽ നാലിലും ജയിച്ചപ്പോൾ ഒരണ്ണം തോറ്റു.
പകരക്കാരെയെത്തിച്ച് മുംബൈ
മുംബൈ ഇന്ത്യൻസ് ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾക്കായി താത്കാലികമായി ജോണി ബെയർസ്റ്റോ, റിച്ചാർഡ് ഗ്ലീസൻ, ചാരിത അസലങ്ക എന്നിവരെയെത്തിച്ചു. വിൽ ജാക്സ്, റയാൻ റിക്കെൽട്ടണ്‍, കോർബിൻ ബോഷ് എന്നിവർക്കു പകരമാണ് ഇവരെയെത്തിച്ചത്. ബെയർസ്റ്റോ 5.25 കോടി രൂപയ്ക്കും ഗ്ലീസൻ ഒരു കോടി രൂപയ്ക്കും അസലങ്ക 75 ലക്ഷം രൂപയ്ക്കുമാണ് മുംബൈയുമായി കരാറിലായത്.
മുംബൈ യോഗ്യത നേടിയാൽ പ്ലേഓഫ് മുതൽ പകരക്കാരെ ലഭ്യമാകും.