ലെയോ മാർപാപ്പ നവംബറിൽ നിഖ്യാ സന്ദർശിക്കും
Wednesday, May 21, 2025 1:05 AM IST
റോം: ഒന്നാം നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലെയോ 14-ാമൻ മാർപാപ്പ നവംബർ അവസാനം തുർക്കി സന്ദർശിക്കുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിൽ സംബന്ധിക്കാൻ റോമിലെത്തിയ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമ്യോ ഒന്നാമൻ തിങ്കളാഴ്ച മാർപാപ്പയുമായി കൂടിക്കണ്ടിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുമായി പാത്രിയർക്കീസ് ആരംഭിച്ച സൗഹൃദം ശക്തമായി തുടരാൻ രണ്ടുപേരും ആഗ്രഹിക്കുന്നതായി ഏതൻസ് ന്യൂസ് ഏജൻസിയും അറിയിച്ചു. നവംബർ 30ന് ആചരിക്കുന്ന വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാളിന് മാർപാപ്പ ഇസ്താംബൂളിനടുത്തുള്ള ഫാനറിലെ പാത്രിയർക്കാ ആസ്ഥാനത്തെത്തുമെന്നും അറിയുന്നു.
സഹോദരരും ശ്ലീഹന്മാരുമായ പത്രോസ് റോമിലും അന്ത്രയോസ് കോൺസ്റ്റാന്റിനോപ്പിളിലും സഭാ സ്ഥാപകരായി വണങ്ങപ്പെടുന്നുണ്ട്. 1964ൽ പോൾ ആറാമൻ മാർപാപ്പയും അത്തനാഗോറസ് പാത്രിയർക്കീസും തമ്മിൽ ജറൂസലെമിൽവച്ച് കൂടിക്കാഴ്ച നടത്തിയത് സഭൈക്യ സംരംഭങ്ങൾക്ക് വലിയ കരുത്തു പകർന്നിരുന്നു. എഡി 1054ൽ പാശ്ചാത്യ, പൗരസ്ത്യ സഭകൾ തമ്മിൽ വഴിപിരിഞ്ഞതിനുശേഷം ഒരു മാർപാപ്പയും പാത്രിയർക്കീസും തമ്മിൽ കാണുന്നത് ആദ്യമായി 1438ലും (ഫ്ലോറൻസ് സൂനഹദോസിൽ) രണ്ടാമത് 1964 ലുമാണ്.
വത്തിക്കാനിൽവച്ച് ലെയോ മാർപാപ്പ ഇതര ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും മറ്റു മതനേതാക്കളുമായും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. സഭൈക്യ ശ്രമങ്ങളും മതാന്തര സംവാദവും തുടരാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയ മാർപാപ്പ പാലങ്ങൾ പണിയേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.
ബർത്തലോമ്യോ പാത്രിയർക്കീസിനെ കൂടാതെ ജറൂസലെമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് തെയോഫിലോസ് മൂന്നാമൻ, ഇറാക്കിലെ അസീറിയൻ പാത്രിയർക്കീസ് അവാ മൂന്നാമൻ എന്നിവരും മറ്റ് നേതാക്കളോടൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.