ആക്രമണം വിപുലമാക്കി ഇസ്രയേൽ; ഗാസയിൽ 146 പേർകൂടി കൊല്ലപ്പെട്ടു
Sunday, May 18, 2025 12:35 AM IST
ടെൽ അവീവ്: ഗാസയിലെ തന്ത്രപ്രധാന പ്രദേശങ്ങൾ പിടിച്ചെടുക്കാനായി വൻ ആക്രമണം ആരംഭിച്ചുവെന്ന് ഇസ്രേലി സേന ഇന്നലെ അറിയിച്ചു. ഹമാസിനെ ഉന്മൂലനം ചെയ്ത് ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനാണ് ഓപ്പറേഷനെന്ന് സേന വിശദീകരിച്ചു.
ഗാസയിലുടനീളം വിപുലമായ ബോംബിംഗ് നടക്കുന്നതായാണ് റിപ്പോർട്ട്. 24 മണിക്കൂറിനുള്ളിൽ 146 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യവൃത്തങ്ങൾ ഇന്നലെ അറിയിച്ചു.
ഹമാസ് ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പറഞ്ഞത്. 24 മണിക്കൂറിനിലെ 150 ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായും സേന ഇന്നലെ അറിയിച്ചു.
ഇസ്രേലി സേനയുടെ ഉപരോധം മൂലം ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ ലഭിക്കാത്ത ഗാസ ജനത പട്ടിണി നേരിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആക്രമണം വിപുലമാക്കിയെന്ന അറിയിപ്പുണ്ടായിരിക്കുന്നത്. ഗാസയിലെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര സംഘടനകൾ കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഗാസയിൽ ആക്രമണം വിപുലപ്പെടുത്താനുള്ള പദ്ധതി ഈ മാസമാദ്യം ഇസ്രയേൽ അംഗീകരിച്ചതാണ്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഗൾഫ് പര്യടനം അവസാനിച്ച ശേഷമേ ആക്രമണം ആരംഭിക്കൂ എന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ഖത്തറിൽ വീണ്ടും വെടനിർത്തൽ ചർച്ചകൾ ആരംഭിച്ചതായി ഹമാസ് ഇന്നലെ അറിയിച്ചു.