വിശ്വാസത്തിന്റെ അഭാവം ജീവിതത്തിന്റെ അർഥം നഷ്ടപ്പെടുത്തുന്നു: മാർപാപ്പ
Saturday, May 10, 2025 2:05 AM IST
വത്തിക്കാൻ സിറ്റി: സുവിശേഷത്തിനുവേണ്ടി നാം ത്യാഗങ്ങൾ സഹിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. വിശ്വാസത്തിന്റെ അഭാവം ജീവിതത്തിന്റെ അർഥം നഷ്ടപ്പെടുന്നതിനും കരുണയെ വിസ്മരിക്കുന്നതിനും വ്യക്തിയുടെ അന്തസിനെ തിരസ്കരിക്കുന്നതിനും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ഇന്നലെ രാവിലെ സിസ്റ്റൈൻ ചാപ്പലിൽ കർദിനാൾമാർക്കൊപ്പം അർപ്പിച്ച പൊന്തിഫിക്കൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
രണ്ടായിരം വർഷത്തെ സഭയുടെ വിശ്വാസപാരമ്പര്യം വിശുദ്ധ പത്രോസിന്റെ “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാകുന്നു’’ എന്ന വാക്കുകളിൽ അടിസ്ഥാനമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. പിതാവായ ദൈവത്തിന്റെ മുഖം മനുഷ്യകുലത്തിന് വെളിപ്പെടുത്തുന്ന ഏക രക്ഷിതാവാണ് യേശുക്രിസ്തു.
ദൈവത്തോട് മനുഷ്യരെ അടുപ്പിക്കുന്നതിനായി, പുനരുത്ഥാനത്തിനുശേഷം നമുക്കെല്ലാവർക്കും അനുകരിക്കാൻ കഴിയുന്ന വിശുദ്ധ മാനവികതയുടെ മാതൃക കാണിച്ചുതന്ന നിത്യവിധിയുടെ വാഗ്ദാനം പ്രദാനം ചെയ്തവനാണ് യേശു.
വിശുദ്ധ പത്രോസ്, താൻ ആരാണെന്നുള്ള യേശുവിന്റെ ചോദ്യത്തിന് നൽകുന്ന മറുപടിയിൽ, ദൈവത്തിന്റെ മഹത്തായ ദാനവും രൂപാന്തരപ്പെടാൻ അനുവദിക്കുന്നതിനു സ്വീകരിക്കേണ്ട പാതയും നമുക്ക് കാണിച്ചുതരുന്നു.
രക്ഷയുടെ ഈ മാനമാണ് മാനവകുലത്തിന്റെ നന്മയ്ക്കുവേണ്ടി സഭ പ്രഘോഷിക്കേണ്ടത്. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുന്പേ നമ്മെ തെരഞ്ഞെടുക്കുകയും ജ്ഞാനസ്നാനത്താൽ പുനരുജ്ജീവിപ്പിക്കുകയും നമ്മുടെ പരിമിതികൾക്കുമപ്പുറം നമ്മെ നയിക്കുകയും ചെയ്ത ദൈവം നമുക്ക് നൽകുന്ന ഉത്തരവാദിത്വവും സകല സൃഷ്ടികളോടുമുള്ള വചനപ്രഘോഷണമാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.