ഗാസയിൽ 100 പേർ കൊല്ലപ്പെട്ടു
Saturday, May 17, 2025 12:00 AM IST
കയ്റോ: ഇസ്രേലി സേനയുടെ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53,000 പിന്നിട്ടു. ഇന്നലെ മാത്രം നൂറിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യവൃത്തങ്ങൾ അറിയിച്ചത്. ഇതിൽ 55 പേർ വടക്കൻ ഗാസയിലാണു കൊല്ലപ്പെട്ടത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗൾഫ് പര്യടനം പൂർത്തിയാക്കി മടങ്ങിയ പശ്ചാത്തലത്തിൽ ഇസ്രേലി സേന ആക്രമണം ശക്തിപ്പെടുത്തിയെന്നാണു റിപ്പോർട്ട്. ട്രംപിന്റെ സന്ദർശനത്തിനിടെ ഹമാസ് വെടിനിർത്തലിനു തയാറായില്ലെങ്കിൽ ആക്രമണം ശക്തിപ്പെടുത്തുമെന്ന് ഇസ്രയേൽ മുന്നറിയിപ്പു നല്കിയിരുന്നു.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രയേൽ ആരംഭിച്ച പ്രത്യാക്രമണത്തിൽ 53,010 പേർ കൊല്ലപ്പെട്ടുവെന്നാണു ഹമാസിന്റെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചത്.1.19 ലക്ഷം പേർക്കാണു പരിക്കേറ്റിരിക്കുന്നത്. ആയിരക്കണക്കിനു പേരെ കാണാതായി.
ഇതിനിടെ, ഗാസയിൽ സഹായവിതരണം പുനഃസ്ഥാപിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഗാസയിൽ ഒട്ടേറെപ്പേർ പട്ടിണിയിലാണ്. അവരെ സഹായിക്കണം. അടുത്തമാസം നല്ല കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വെടിനിർത്തൽ സംബന്ധിച്ച് ഖത്തറിൽ നടക്കുന്ന ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ലെന്ന് ഇസ്രേലി മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.