ഗാസയിൽ 22 കുട്ടികളടക്കം 48 പേർ കൊല്ലപ്പെട്ടു
Wednesday, May 14, 2025 10:38 PM IST
കയ്റോ: ഇസ്രേലി സേന ചൊവ്വാഴ്ച രാത്രി വടക്കൻ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 22 കുട്ടികളും 15 വനിതകളും അടക്കം 48 പേർ കൊല്ലപ്പെട്ടതായി മേഖലയിൽ സ്ഥിതിചെയ്യുന്ന ഇന്തോനേഷ്യൻ ഹോസ്പിറ്റൽ വൃത്തങ്ങൾ അറിയിച്ചു. ജബലിയ പട്ടണത്തിലും അഭയാർഥി ക്യാന്പിലുമായിരുന്നു ആക്രമണങ്ങൾ.
കുട്ടികൾ കൊല്ലപ്പെട്ടതായ റിപ്പോർട്ടുകൾ പരിശോധിച്ചുവരുന്നതായി ഇസ്രേലി സേന അറിയിച്ചു. ഓപ്പറേഷന്റെ ഭാഗമായി ജബലിയ പ്രദേശത്തുനിന്നു ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന നിർദേശം ഇസ്രേലി സേന ചൊവ്വാഴ്ച നല്കിയിരുന്നു.
ചൊവ്വാഴ്ച തെക്കൻ ഗാസയിലെ യൂറോപ്യൻ ഹോസ്പിറ്റൽ വളപ്പിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ 28 പേരും കൊല്ലപ്പെടുകയുണ്ടായി.
വധിക്കപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവറിന്റെ സഹോദരൻ മുഹമ്മദ് സിൻവറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുഹമ്മദ് സിൻവറാണു ഹമാസിന്റെ ഇപ്പോഴത്തെ നേതാവെന്നു പറയുന്നു. ഇതിനിടെ, ഗാസയിലെ വംശീയ ഉന്മൂലനം അവസാനിപ്പിക്കാൻ രക്ഷാസമിതി ഇടപെടണമെന്ന് യുഎന്നിന്റെ ഹ്യൂമാനിറ്റേറിയൻ വിഭാഗം മേധാവി ടോം ഫ്ലെച്ചർ ആവശ്യപ്പെട്ടു.