ഡുട്ടെർട്ടെ മേയർസ്ഥാനത്തേക്കു മത്സരിക്കുന്നു
Friday, May 9, 2025 11:50 PM IST
മനില: അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് ചെയ്ത മുൻ ഫിലിപ്പീനി പ്രസിഡന്റ് റൊദ്രിഗോ ഡുട്ടേർട്ടെ തിങ്കളാഴ്ച ഫിലിപ്പീൻസിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മേയർസ്ഥാനത്തേക്കു മത്സരിക്കുന്നു. സ്വന്തം തട്ടകമായ ദവാവോ നഗരത്തിന്റെ ഡുട്ടേർട്ടയുടെ വിജയം അനായാസകരമായിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
2016 മുതൽ 2022 വരെ പ്രസിഡന്റായിരുന്ന ഡുട്ടേർട്ടെ മയക്കുമരുന്നു സംഘങ്ങൾക്കെതിരേ സ്വീകരിച്ച നടപടികളിൽ മനുഷ്യാവകാശലംഘനമുണ്ടായെന്ന് ആരോപിക്കപ്പെടുന്നു. ഇപ്പോഴത്തെ ഫിലിപ്പീനി സർക്കാർ അദ്ദേഹത്തെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു കൈമാറുകയായിരുന്നു.
നിലവിൽ ഡുട്ടേർട്ടെ ഹേഗിലെ തടവറയിൽ വിചാരണ കാത്തു കഴിയുകയാണ്. ഫിലിപ്പീൻസിൽ തിങ്കളാഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പാർലമെന്റിലെ ജനപ്രതിനിധി സഭയിലെ 317 സീറ്റുകളിലെയും സെനറ്റിലെ ഏതാനും സീറ്റുകളിലെയും പ്രാദേശിക സമിതികളിലേക്കും വോട്ടെടുപ്പുണ്ടാകും.