വെളുത്ത വർഗക്കാരായ ദക്ഷിണാഫ്രിക്കൻ സ്വദേശികൾക്ക് യുഎസിൽ അഭയാർഥി പദവി
Tuesday, May 13, 2025 5:17 PM IST
വാഷിംഗ്ടൺ: വെളുത്ത വർഗക്കാരായ 59 ദക്ഷിണാഫ്രിക്കൻ സ്വദേശികൾ യുഎസിലെത്തി. ഇവർക്ക് അഭയാർഥിപദവി നൽകാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതിനെത്തുടർന്നാണിത്.
ഡച്ചുകാരുടെ പിന്മുറക്കാരായ ആഫ്രിക്കാനർ എന്ന വിഭാഗമാണിവർ. ഇവർ ദക്ഷിണാഫ്രിക്കയിൽ വിവേചനമനുഭവിക്കുന്ന വിഭാഗമാണെന്നും അതിനാലാണ് അഭയം നൽകാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിയതെന്നും ട്രംപ് പ്രതികരിച്ചു.
യുദ്ധമേഖലയിൽനിന്നടക്കമുള്ള മറ്റ് അഭയാർഥികളെ സ്വീകരിക്കാനുള്ള നടപടികളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വാഷിംഗ്ടൺ ഡിസിക്ക് സമീപമുള്ള ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ സംഘത്തിന് ഉജ്വല വരവേൽപ്പാണു ലഭിച്ചത്. എത്തിയവർ അമേരിക്കൻ പതാകകൾ വീശി സന്തോഷം പ്രകടിപ്പിച്ചു. സാധാരണ അഭയാർഥികളെ രാജ്യത്ത് പ്രവേശിപ്പിക്കുന്നതിനു മുൻപുള്ള പരിശോധനകൾ ഇത്തവണ നടത്തിയിട്ടില്ലെന്ന് യുഎൻ ആരോപിക്കുന്നു.
“കൃഷിക്കാർക്കെതിരേ രാജ്യത്ത് വംശഹത്യയാണ് നടന്നുകൊണ്ടിരുന്നത്. അവരിലെ വെളുത്ത വർഗക്കാരെ പ്രത്യേകം ഉന്നംവയ്ക്കുന്നുമുണ്ടായിരുന്നു. അവർ വെളുത്ത വർഗക്കാരായിപ്പോയി. പക്ഷേ, പീഡിപ്പിക്കപ്പെടുന്നവർ വെളുത്തവരോ കറുത്തവരോ എന്നത് എനിക്ക് പ്രധാനമല്ല’’, ട്രംപ് പറഞ്ഞു.
ഇവരുടെ പക്കൽനിന്നു കൃഷിഭൂമി പിടിച്ചെടുക്കുകയും നഷ്ടപരിഹാരം നിഷേധിക്കുകയും ചെയ്തെന്നാണ് യുഎസ് നിലപാട്. എന്നാൽ ട്രംപിന്റെ വിലയിരുത്തൽ തെറ്റാണെന്ന് ടെലിഫോൺ സംഭാഷണത്തിൽ അദ്ദേഹത്തെ താൻ അറിയിച്ചെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ പറഞ്ഞു.