ഉറുഗ്വേയുടെ ‘ദരിദ്രനായ പ്രസിഡന്റ്’ ഹോസെ മുഹിക അന്തരിച്ചു
Thursday, May 15, 2025 1:10 AM IST
മോണ്ടെവിഡിയോ: മുൻ ഉറുഗ്വെൻ പ്രസിഡന്റ് ഹോസെ മുഹിക (89) അന്തരിച്ചു. പെപെ എന്നറിയപ്പെടുന്ന ഇദ്ദേഹം കാൻസർബാധിതനായിരുന്നു.
ലളിതജീവിതമാണ് ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്ന് മുഹിക അറിയപ്പെടാൻ കാരണം. മുൻ ഗറില്ലാ നേതാവായ മുഹിക 2010 മുതൽ 2015 വരെ ഉറുഗ്വേയുടെ പ്രസിഡന്റായിരുന്നു. 2005ൽ ഫ്രെന്തേ ആംപ്ലിയോ സർക്കാരിൽ മന്ത്രിയായി.
മുഹിക പ്രസിഡന്റായിരുന്ന കാലത്ത് ഉറുഗ്വേ പുരോഗതിയുടെ പാതയിലായിരുന്നു. സന്പദ്ഘടന 5.4 ശതമാനം വാർഷികവളർച്ച നേടി. ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറഞ്ഞു.
പ്രസിഡന്റായിരുന്ന കാലത്ത് പ്രസിഡൻഷൽ പാലസിൽ താമസിക്കാൻ വിമുഖത കാട്ടിയ മുഹിക മോണ്ടെവിഡിയോയുടെ പ്രാന്തത്തിലുള്ള സാധാരണവീട്ടിലായിരുന്നു കഴിഞ്ഞത്. വീട്ടിൽ ജോലിക്കാരോ സുരക്ഷാഗാർഡുകളോ ഉണ്ടായിരുന്നില്ല.