ആശങ്ക പങ്കുവച്ച് ലോകനേതാക്കൾ
Thursday, May 8, 2025 4:11 AM IST
വാഷിംഗ്ടൺ/മോസ്കോ: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നും എത്രയും വേഗം വൈരം അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങൾ. വൈരം വേഗത്തിൽ അവസാനിക്കുമെന്നാണു പ്രതീക്ഷയെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധസമാന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും സൈനിക നടപടികളിൽ നിന്ന് പൂർണമായും അകലം പാലിക്കണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ലോകത്തിനു താങ്ങാനാകുന്നതല്ല -ഗുട്ടറസ് വ്യക്തമാക്കി.
ഇന്ത്യ-പാക് ഏറ്റുമുട്ടൽ അതിയായ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സാഖറോവ പറഞ്ഞു.
ഇന്ത്യയെ പിന്തുണയ്ക്കുകയാണെന്ന് ഇസ്രയേലും വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ഇസ്രയേല്‍ ഭരണകൂടം അറിയിച്ചു.
സംയമനം പാലിക്കണമെന്ന് ചൈന
ബെയ്ജിംഗ്: മേഖലയുടെ സമാധാനമെന്ന വിശാലതാത്പര്യം മുൻനിർത്തി ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നു ചൈന. രാജ്യാന്തര സമൂഹത്തിനൊപ്പം ചേർന്ന് സംഘർഷം ലഘൂകരിക്കാൻ ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും പരസ്പരം വേര്‍പെടുത്താന്‍ പറ്റാത്ത അയല്‍രാജ്യങ്ങളാണ്, അവര്‍ ചൈനയുടെ അയൽക്കാരുമാണ്. ഇപ്പോഴത്തെ സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെയും എതിർക്കുകയാണെന്നും പഹൽഗാം ഭീകരാക്രമണത്തെ പരാമർശിച്ച് ചൈനീസ് മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ ഭീകരാക്രമണത്തിൽ അന്വേഷണമെന്നതിൽ ഒരുതരത്തിലുള്ള പരാമർശത്തിനും ചൈന തയ്യാറായില്ല. പഹൽഗാം സംഭവത്തിനു പിന്നാലെ ചൈനയും പാക്കിസ്ഥാനും നയതന്ത്രബന്ധം ഊർജിതമാക്കിയിരുന്നു.