കിം ജോംഗ് ഉൻ റഷ്യൻ എംബസി സന്ദർശിച്ചു
Friday, May 9, 2025 11:50 PM IST
പ്യോഗ്യാംഗ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഇന്നലെ തലസ്ഥാനമായ പ്യോഗ്യാംഗിലെ റഷ്യൻ എംബസി സന്ദർശിച്ചു.
കിമ്മിന്റെ മകളും ഒപ്പമുണ്ടായിരുന്നു. സോവ്യറ്റ് സേന നാസി ജർമനിയെ തോൽപ്പിച്ചതിന്റെ 80-ാം വാർഷികം റഷ്യ ഇന്നലെ ആഘോഷിച്ച പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. റഷ്യ- ഉത്തരകൊറിയ ബന്ധം ശക്തമായി തുടരുമെന്നു കിം പറഞ്ഞു.
ഇന്നലെ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന സൈനിക പരേഡ് വീക്ഷിക്കാൻ ഉത്തരകൊറിയൻ സൈനികോദ്യോഗസ്ഥരും ഉണ്ടായിരുന്നു.
റഷ്യൻ പ്രസിഡന്റ് പുടിൻ ഇവർക്കു ഹസ്തദാനം നല്കുകയും ഇതിലൊരാളെ ആലിംഗനം ചെയ്യുകയുമുണ്ടായി. യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ സൈനികരെയും ആയുധങ്ങളെയും വിട്ടുനല്കിയിട്ടുണ്ട്. ഇതിനു പകരമായി പ്രതിരോധ സാങ്കേതികവിദ്യകളാണ് റഷ്യ ഉത്തരകൊറിയയ്ക്കു നല്കുന്നത്.