ഹൂതി മിസൈൽ ഇസ്രയേൽ വെടിവച്ചിട്ടു
Friday, May 9, 2025 11:50 PM IST
ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ ഇസ്രയേലിനു നേർക്ക് വീണ്ടും മിസൈൽ ആക്രമണം നടത്തി. മിസൈൽ വിജയകരമായി വെടിവച്ചിട്ടുവെന്ന് ഇസ്രയേൽ അറിയിച്ചു.
ഇസ്രയേലിലെ ആരോ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഹൂതി മിസൈൽ തകർത്തത്. അതേസമയം ഇസ്രയേലിന്റെ സംരക്ഷണത്തിനായി അമേരിക്ക വിന്യസിച്ചിട്ടുള്ള ഥാഡ് മിസൈൽ പ്രതിരോധ സംവിധാനത്തിന് ഹൂതി മിസൈലിനെ വീഴ്ത്താനായില്ല.
ഹൂതി മിസൈലിനെ തകർക്കാൻ ഥാഡ് മിസൈൽ തൊടുത്തുവെങ്കിലും ലക്ഷ്യം കണ്ടില്ലെന്നാണ് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേസമയം തന്നെ ഇസ്രയേലിന്റെ ആരോ സംവിധാനം തൊടുത്ത മിസൈൽ ഹൂതി മിസൈലിനെ തകർക്കുകയും ചെയ്തു.
ഞായറാഴ്ച ഹൂതികൾ അയച്ച മിസൈൽ ടെൽ അവീവിലെ ബെൻഗുരിയൻ വിമാനത്താവളത്തിനു സമീപം പതിച്ചതിനു കാരണവും ഥാഡ് സംവിധാനത്തിന്റെ പരാജയമായിരുന്നു.
ഇതേസമയം, ഹൂതികൾ അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിർത്തൽ ധാരണയിൽ ഇസ്രയേൽ ഉൾപ്പെടുന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ ആക്രമണം.