മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു
Thursday, May 8, 2025 5:06 AM IST
ലാഹോർ: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ തന്റെ പത്തു കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹർ സ്ഥിരീകരിച്ചു. ജയ്ഷിന്റെ ബഹാവൽപുരിലെ ആസ്ഥാനത്തിനു നേർക്കുണ്ടായ മിസൈൽ ആക്രമണത്തിലാണ് 14 പേർ കൊല്ലപ്പെട്ടത്.
മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി,സഹോദരീ ഭർത്താവ്, മസൂദിന്റെ മരുമകൻ, മരുമകന്റെ ഭാര്യ, സഹോദരപുത്രി, ബന്ധുക്കളായ അഞ്ചു കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്.
ലാഹോറിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹാവൽപുർ പാക്കിസ്ഥാനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ്. 1999 മുതൽ ജയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനം ബഹാവൽപുർ ആണ്. 2019 മേയിൽ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. ബഹാവൽപുരിലെ സുരക്ഷിതപ്രദേശത്ത് മസൂദ് ഒളിവിൽ കഴിയുകയാണെന്നാണു നിഗമനം.
2001ലെ പാർലമെന്റ് ആക്രമണം, 2016 ലെ പത്താൻകോട്ട് വ്യോമതാവളം ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയെല്ലാം നടത്തിയത് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ്.1994ൽ ഇന്ത്യയിൽ മസൂദ് അസ്ഹർ അറസ്റ്റിലായിരുന്നു.
1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരർ, യാത്രക്കാരെ വിട്ടയ്ക്കുന്നതിനു പകരമായി മസൂദ് അസ്ഹർ അടക്കം മൂന്നു ഭീകരരെ മോചിപ്പിക്കണമെന്ന ഉപാധി മുന്നോട്ടുവച്ചു. തുടർന്ന് മോചിപ്പിക്കപ്പെട്ട അസ്ഹർ പാക്കിസ്ഥാനിലേക്കു പോയി.