പാക്കിസ്ഥാനെ കുടഞ്ഞ് യുഎൻ സുരക്ഷാ സമിതി
Wednesday, May 7, 2025 2:08 AM IST
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ യോഗത്തിൽ പാക്കിസ്ഥാനിനെതിരേ കടുത്ത ചോദ്യങ്ങളുമായി അംഗരാജ്യങ്ങൾ.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം സുരക്ഷാ സമിതി ഇന്നലെ വിശദമായി ചർച്ച ചെയ്തു. പാക്കിസ്ഥാന്റെ അഭ്യർഥനപ്രകാരം സുരക്ഷാ സമിതി അധ്യക്ഷപദവിയിലുള്ള ഗ്രീസ് ഇന്നലെ യോഗം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഒന്നര മണിക്കൂർ നീണ്ട യോഗത്തിനു ശേഷം 15 അംഗങ്ങളുള്ള സുരക്ഷാ സമിതി പ്രസ്താവനയിറക്കിയിട്ടില്ല. പ്രശ്നം സമാധാനപരമായി ഒത്തുതീർക്കാനുള്ള ആഹ്വാനമാണ് യോഗത്തിൽ ഉയർന്നതെന്ന് പൊളിറ്റിക്കൽ ആൻഡ് പീസ് ബിൽഡിംഗ് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഖാലെദ് മുഹമ്മദ് ഖിയാരി പറഞ്ഞു.
പാക്കിസ്ഥാനു നേരേ കടുത്ത ചോദ്യങ്ങളാണു യോഗത്തിൽ ഉയർന്നത്. ഭീകരാക്രമണത്തെ ഏവരും അപലപിക്കുകയും ഉത്തരവാദിത്വത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു. പാക്കിസ്ഥാന്റെ മിസൈൽ പരീക്ഷണങ്ങളും ആണവായുധങ്ങളെ സംബന്ധിച്ചുള്ള വാചാടോപവും പ്രശ്നം വഷളാക്കിയ ഘടകങ്ങളാണെന്ന് പല അംഗരാജ്യങ്ങളും വിമർശിച്ചു.
എന്നാൽ, പാക്കിസ്ഥാൻ സംഘർഷം ആഗ്രഹിക്കുന്നില്ലെങ്കിലും സ്വയം പ്രതിരോധിക്കാൻ സജ്ജരാണെന്നും ഇന്ത്യയടക്കമുള്ള എല്ലാ അയൽക്കാരുമായും സമാധാനവും സഹകരണവും നിറഞ്ഞ സമീപനത്തിനുള്ള സന്നദ്ധത യോഗത്തിൽ പാക്കിസ്ഥാൻ ആവർത്തിച്ചെന്നും പാക്കിസ്ഥാൻ പ്രതിനിധി അസിം ഇഫ്തിക്കർ അഹമ്മദ് പറഞ്ഞു.
ആക്രമണത്തെ അപലപിക്കുന്നുവെന്നും എന്നാൽ, സൈനികനടപടി ഒഴിവാക്കി പ്രശ്നം പരിഹരിക്കുന്നതാണ് ഉചിതമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു. തുടർച്ചയായ 13-ാം ദിവസവും പാക് സൈന്യം നിയന്ത്രണരേഖയിൽ വെടിവയ്പ് നടത്തി.
കാഷ്മീർ മേഖലയിൽ കുപ്വാര, ബാരാമുള്ള ജില്ലകളിലും പൂഞ്ചിലെ മെൻധറിലും രജൗരിയിലെ നൗഷേര, സുന്ദർബനി, ജമ്മുവിലെ അഖ്നൂർ എന്നിവിടങ്ങളിലുമായിരുന്നു പാക് വെടിവയ്പ്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ഇന്നലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപത്തുനിന്ന് പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. പാക് അധിനിവേശ കാഷ്മീരിലെ തർഖാൽ ഗ്രാമക്കാനായ വഖാസ് (26) ആണു പിടിയിലായത്.