മാർപാപ്പമാരുടെ പേരുകൾക്കു പിന്നിലെ ചരിത്രം
Thursday, May 8, 2025 4:11 AM IST
വത്തിക്കാൻ സിറ്റി: പത്രോസിന്റെ പിൻഗാമികളായ മാർപാപ്പമാർ തങ്ങളുടെ മാമ്മോദീസാ പേരുകൾ മാറ്റുന്ന പാരന്പര്യത്തിന് ഏറെ പഴക്കമുണ്ട്. എന്നിരുന്നാലും ക്രിസ്തുമതത്തിന്റെ ആദ്യനൂറ്റാണ്ടുകളിൽ ഇത് പതിവുണ്ടായിരുന്നില്ല. ബഹുമാനം പ്രകടിപ്പിക്കാനായി മുന്ഗാമികളായ മറ്റു മാർപാപ്പമാരുടെ പേരുകൾ പലരും സ്വീകരിച്ചിരുന്നു.
മാർപാപ്പയായി ചുമതലയേറ്റശേഷം ആദ്യം ചെയ്യേണ്ടത് പേര് തെരഞ്ഞെടുക്കുക എന്നതാണ്. പേര് ആദ്യമായി പ്രഖ്യാപിക്കുന്നത് കർദിനാൾ പ്രോട്ടോഡീക്കൻ ആയിരിക്കും. മാമ്മോദീസാ പേര് മാറ്റി മറ്റൊന്നു സ്വീകരിക്കുന്നത് പത്രോസ് എന്ന നാമം സ്വീകരിച്ച ശിമയോന്റെ പാരന്പര്യത്തെ പിൻപറ്റുന്നതിന്റെ ഭാഗമാണ്.
പരിശുദ്ധ സിംഹാസനമേറുന്നത് രണ്ടാം ജന്മത്തിനു തുല്യമാണെന്ന സൂചനയും ഇതിലുണ്ട്. എന്നിരുന്നാലും ആദ്യനൂറ്റാണ്ടുകളിൽ നിരവധി മാർപാപ്പമാർ പേരുകൾ മാറ്റിയത് അവരുടെ യഥാർഥ പേരുകൾ മറ്റു വിജാതീയ പാരന്പര്യങ്ങൾ പേറുന്നവയായതിനാലാണ്. പക്ഷേ എല്ലാവരും ഈ രീതി പിന്തുടർന്നുവെന്നും പറയാനാകില്ല. ചരിത്രത്തിലെ 266 മാർപാപ്പമാരിൽ 129 പേർ മാത്രമേ പുതിയ നാമം സ്വീകരിച്ചിട്ടുള്ളൂ.
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ചു ചരിത്രം സൃഷ്ടിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്. ജോണ്, ഗ്രിഗറി, ബെനഡിക്ട്, പയസ് തുടങ്ങിയ പേരുകളെല്ലാം ചരിത്രത്തിലുടനീളം സർവസാധാരണമായിരുന്നു. ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട പേര് ജോണ് ആണെന്നു പറയാം. എഡി 523ലെ മാർപാപ്പയും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ജോണ് ഒന്നാമനായിരുന്നു ചരിത്രത്തിലെ ആദ്യ ജോണ്.
ആദ്യ മാർപാപ്പയായ പത്രോസ് ശ്ലീഹായോടുള്ള ബഹുമാനാർഥം പീറ്റർ എന്ന പേര് ചരിത്രത്തിലൊരു മാർപാപ്പയും ഉപയോഗിച്ചിട്ടില്ല. ആറു മാർപാപ്പമാർ വിശുദ്ധ പൗലോസിന്റെ പേര് സ്വീകരിച്ചതായി കാണാം. 1978ൽ ആൽബിനോ ലുചിയാനിയാണ് രണ്ടു പേരുകളുണ്ടായിരുന്ന ആദ്യ മാർപാപ്പ.
ജോണ് പോൾ ഒന്നാമൻ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ജോണ് ഇരുപത്തിമൂന്നാമൻ, പോൾ ആറാമൻ എന്നിവരുടെ പാരന്പര്യത്തുടർച്ചയാണ് ആഗ്രഹിച്ചത്. തുടർന്ന് ജോണ് പോൾ രണ്ടാമനെന്ന പേരിൽ മാർപാപ്പയായ കരോൾ വോയ്റ്റിവയെയും ലോകം കണ്ടു. ബെനഡിക്ട് പതിനഞ്ചാമനുമായുള്ള തന്റെ പ്രതീകാത്മക ബന്ധം ഊട്ടിയുറപ്പിക്കാനാണ് താൻ ആ പേരു സ്വീകരിച്ചതെന്ന് 2005ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്തു സഭയെ നയിച്ച വ്യക്തിയായിരുന്നു ബെനഡിക്ട് പതിനഞ്ചാമൻ.