പുടിന്റെ വെടിനിർത്തലിനു മുമ്പ് യുക്രെയ്ന്റെ ഡ്രോൺ ആക്രമണം
Wednesday, May 7, 2025 1:07 AM IST
മോസ്കോ: റഷ്യയുടെ നേർക്ക് യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. യുക്രെയ്ന്റെ നൂറോളം ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തെ തുടർന്ന് മോസ്കോയ്ക്ക് സമീപമുള്ള നാല് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചിട്ടു. മറ്റ് ഒമ്പത് പ്രാദേശിക വിമാനത്താവളങ്ങളും താത്കാലികമായി അടച്ചിടേണ്ടിവന്നു.
തുടർച്ചയായ രണ്ടാമത്തെ രാത്രിയാണ് മോസ്കോയെ യുക്രെയ്ൻ ഡ്രോണുകൾ ലക്ഷ്യമിടുന്നത്. ആക്രമണത്തിൽ കുർസ്ക് മേഖലയിൽ രണ്ടു പേർക്ക് പരിക്കേറ്റു. വൊറോനെഷ് മേഖലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റഷ്യ ഖാർകിവിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഖാർകിവിലെ ഏറ്റവും വലിയ മാർക്കറ്റായ ബരാബഷോവോയിലാണു ഡ്രോൺ ആക്രമണമുണ്ടായത്. മാർക്കറ്റിലെ 100ഓളം സ്റ്റാളുകൾക്കു നാശനഷ്ടമുണ്ടായി.
ഖാർകിവിലെ മറ്റിടങ്ങളിൽ ഗ്ലൈഡ് ബോംബുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പുടിൻ നാളെ മുതൽ ഹ്രസ്വകാല വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്.