കർദിനാൾമാരുടെ അവസാന പൊതുസംഘം സമാപിച്ചു
Wednesday, May 7, 2025 1:07 AM IST
വത്തിക്കാൻ സിറ്റി: കോൺക്ലേവ് തുടങ്ങുന്നതിന്റെ തലേദിവസമായ ഇന്നലെ കർദിനാൾമാരുടെ അവസാനത്തേതും പന്ത്രണ്ടാമത്തേതുമായ പൊതുസംഘം സമ്മേളിച്ചു. 173 കർദിനാൾമാർ സംബന്ധിച്ച സമ്മേളനത്തിൽ 26 പേർ സംസാരിച്ചു.
പുതിയ പാപ്പായെക്കുറിച്ചുള്ള പ്രതീക്ഷകളും സങ്കല്പങ്ങളും കർദിനാൾമാർ പങ്കുവച്ചു. ഇടയനും പാലങ്ങൾ പണിയുന്നവനും നവീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നവനും ആയിരിക്കണം അദ്ദേഹം.
സഭാശുശ്രൂഷകരുടെ അതിക്രമങ്ങളെക്കുറിച്ചുള്ള നിയമനിർമാണം, സാന്പത്തികകാര്യങ്ങൾ, റോമൻ കൂരിയ, സിനഡാലിറ്റി, സമാധാന സംരംഭങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ ചർച്ചാവിഷയമായതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു.
ഇന്നു രാവിലെ പത്തിന് കർദിനാൾസംഘത്തിന്റെ ഡീൻ കർദിനാൾ ജൊവാന്നി ബാത്തിസ്താ റേയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന നടക്കും.
ഉച്ചകഴിഞ്ഞ് 4.30ന് കർദിനാൾമാർ തിരുവസ്ത്രങ്ങളണിഞ്ഞ് പോളൈൻ കപ്പേളയിൽനിന്ന് പ്രദക്ഷിണമായി സിസ്റ്റൈൻ കപ്പേളയിലേക്കു പോകും. സത്യപ്രതിജ്ഞയ്ക്കു ശേഷം ഒന്നാംതവണ വോട്ടെടുപ്പും ഇന്നുതന്നെ നടക്കും. വൈകുന്നേരം 5.30നാണ് (ഇന്ത്യൻസമയം രാത്രി ഒമ്പത്) വോട്ടെടുപ്പ്.
നാളെ രാവിലെ 8.15ന് പോളൈൻ കപ്പേളയിൽ വിശുദ്ധ കുർബാന. 9.15ന് സിസ്റ്റൈൻ കപ്പേളയിൽ പ്രാർഥനയും തുടർന്ന് വോട്ടെടുപ്പും.
ആദ്യ വോട്ടെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും കറുത്ത പുക ഉണ്ടാകില്ല. തെരഞ്ഞെടുക്കപ്പെട്ടാൽ 10.30ന് വെളുത്ത പുക ഉയരും. രണ്ടാമത്തെ വോട്ടെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ കറുത്ത പുക ഉയരും, ഉച്ചയ്ക്ക് 12ന്.
ഉച്ചകഴിഞ്ഞു നടക്കുന്ന വോട്ടെടുപ്പിൽ തെരഞ്ഞെടുപ്പു നടന്നാൽ 5.30ന് വെളുത്ത പുക ഉയരും.ഇനി രണ്ടാമത്തെ വോട്ടെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രാത്രി ഏഴിന് കറുത്ത പുക ഉയരും. വോട്ടെടുപ്പു കഴിഞ്ഞ് യാമപ്രാർഥനയ്ക്കു ശേഷം 7.30ന് കർദിനാൾമാർ താമസസ്ഥലത്തേക്കു മടങ്ങും.