വെടിനിർത്തൽ ചർച്ചകളിൽനിന്നു പിൻവാങ്ങി ഹമാസ്
Wednesday, May 7, 2025 1:07 AM IST
ഗാസ: ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ തീരുമാനിച്ചതോടെ വെടിനിർത്തൽ ചർച്ചകളിൽനിന്നു പിൻവാങ്ങി ഹമാസ്. പുതിയ വെടിനിർത്തൽ ചർച്ചകളിൽ അർഥമില്ലെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസേം നയിം പറഞ്ഞു. ഇസ്രയേൽ യുദ്ധം തുടരുമ്പോൾ ഹമാസ് ചർച്ചകളുമായി സഹകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ബന്ദികളെ മോചിപ്പിച്ച് ഹമാസിന്റെ സമ്പൂർണ പരാജയമാണ് ഗാസ പൂർണമായും പിടിച്ചെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ സൈന്യം പറയുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മേഖല സന്ദർശിച്ചതിനു ശേഷം മാത്രമായിരിക്കും ആക്രമണം ആരംഭിക്കുക.
അതുവരെ ഹമാസിന് കരാറിൽ ഏർപ്പെടാൻ സമയമുണ്ടെന്നും ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇസ്രയേലിന്റെ മുന്നറിയിപ്പിനെ ഹമാസ് തള്ളിക്കളയുകയാണുണ്ടായത്. ബാസേം നയിം ഇക്കാര്യം അടിവരയിടുകയും ചെയ്തു.
ഇസ്രായേലിന്റെ കരയാക്രമണങ്ങളും ദീർഘകാല സൈനിക സാന്നിധ്യവും എണ്ണമറ്റ സാധാരണക്കാരെ കൊല്ലുന്നതിനും ഗാസയുടെ നാശത്തിനും കാരണമാകുമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.