സാന്‍ ഡിയേഗോ തീരത്ത് ബോട്ട് മുങ്ങി മൂന്നു പേര് മരിച്ചു
Wednesday, May 7, 2025 1:07 AM IST
സാന്‍ ഡിയേഗോ: കലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോ തീരത്ത് ചെറുബോട്ട് മുങ്ങി മൂന്നു പേര് മരിച്ചു. ഏഴു പേരെ കാണാതായി. 16 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോട്ടില്‍ നിരവധി ഇന്ത്യന്‍ പാസ്പോര്ട്ടുകള് കണ്ടെത്തി. മനുഷ്യക്കടത്താണ് നടന്നതെന്നാണു സംശയം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ആറോടെ സാൻ ഡീയേഗോയിൽനിന്ന് ഏകദേശം 15 മൈൽ വടക്ക്, ടോറി പൈൻസ് സ്റ്റേറ്റ് ബീച്ചിനടുത്തായിരുന്നു അപകടം. കുടിയേറ്റക്കാരുമായി പോയ ചെറു മത്സ്യബന്ധനബോട്ടാണ് അപകടത്തിൽപ്പെട്ടത്.
കാണാതായവരിൽ രണ്ട് കുട്ടികളുമുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദുഖം രേഖപ്പെടുത്തി. അപകടത്തിൽ രണ്ട് ഇന്ത്യക്കാരായ കുട്ടികളെ കാണാനില്ലെന്ന വിവരവും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടികളുടെ മാതാപിതാക്കൾ ലാ ജോല്ലയിലെ സ്ക്രിപ്സ് മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് ഇന്ത്യൻ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും കോൺസുലേറ്റ് എക്സ് പോസ്റ്റിൽ പറഞ്ഞു.