മാർപാപ്പയ്ക്കായി മൂന്ന് വലിപ്പങ്ങളിലുള്ള ളോഹ തയാർ
Wednesday, May 7, 2025 1:07 AM IST
വത്തിക്കാൻ സിറ്റി: സാർവത്രികസഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് ഇന്ന് ആരംഭിക്കാനിരിക്കേ പുതിയ മാർപാപ്പയ്ക്കു ധരിക്കാനുള്ള ളോഹയും അരപ്പട്ടയും തൊപ്പിയും ഇതിനോടകം തയാറായിക്കഴിഞ്ഞു.
ചെറുതും ഇടത്തരവും വലുതുമായ മൂന്നു വ്യത്യസ്ത വലിപ്പങ്ങളിലുള്ള വസ്ത്രങ്ങളാണ് റോം നഗരത്തിൽനിന്നു വത്തിക്കാനിലേക്ക് തിരിയുന്ന പോർത്താ സാന്താ അന്നയ്ക്കു സമീപമുള്ള വിയ ബോർഗോ പിയോയിൽ, റോമിലെ സഭാപരമായ ചരിത്രത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്ന ഐക്കണിക് തയ്യൽക്കടയായ ‘മാഞ്ചിനെല്ലി ക്ലെർജി’യിൽ കടയുടമയും 86കാരനുമായ റനിയേരോ മാഞ്ചിനെല്ലി തയാറാക്കിയിരിക്കുന്നത്. ഇതു നാലാമത്തെ മാർപാപ്പയ്ക്കായാണ് ഇദ്ദേഹം ളോഹയും അരക്കെട്ടും തൊപ്പിയും ഒരുക്കുന്നത്.
ആറു പതിറ്റാണ്ടിലേറെയായി താൻ ചെയ്തുവരുന്ന ജോലിയെ ദൈവാനുഗ്രഹമായാണ് റനിയേരോ മാഞ്ചിനെല്ലി കാണുന്നത്. “ഞാൻ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ബനഡിക്ട് പതിനാറാമൻ മാർപാപ്പ, ഫ്രാൻസിസ് മാർപാപ്പ എന്നിവരുടെ ളോഹ തയ്ച്ചിട്ടുണ്ട്. ഇതു നാലാമത്തെ മാർപാപ്പയുടെ ളോഹയാണു തയ്ക്കുന്നത്.
നാല് മാർപാപ്പമാരുടെ വസ്ത്രം തയ്ച്ചതു മാത്രമല്ല ഞാൻ ഏറ്റവും വിലമതിക്കുന്നത്. ദൈവത്തിന് ജീവിതം സമർപ്പിച്ചവരെ സേവിക്കാൻ കഴിയുന്നതാണ്’’- മാഞ്ചിനെല്ലി പറഞ്ഞു. തടികൊണ്ടും ഗ്ലാസുകൊണ്ടും നിർമിച്ചിരിക്കുന്ന ‘മാഞ്ചിനെല്ലി ക്ലെർജി’യിൽ കർദിനാൾമാർക്കുള്ള ളോഹകളും തയ്ച്ചുനൽകുന്നുണ്ട്. കൂടാതെ, വിശുദ്ധ വസ്തുക്കളും തിരുസ്വരൂപങ്ങളും മെഴുകുതിരികളുമെല്ലാം വിൽക്കപ്പെടുന്നു.