വത്തിക്കാനിലേക്ക് വിശ്വാസികളുടെ പ്രവാഹം
Thursday, May 8, 2025 4:11 AM IST
വത്തിക്കാൻ സിറ്റി: മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവ് ആരംഭിച്ചിരിക്കേ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം. ഇന്നലെ രാത്രിയിൽ നടന്ന ആദ്യ വോട്ടെടുപ്പിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ നിരവധി പേരാണ് എത്തിയത്.
വിശുദ്ധ കുർബാനയും തുടർന്നു കോൺക്ലേവിനായി കർദിനാൾ സംഘം സിസ്റ്റൈൻ ചാപ്പലിലേക്കു പ്രദക്ഷിണമായി നീങ്ങുന്നതുമുൾപ്പെടെ ചത്വരത്തിലെ വലിയ ടിവി സ്ക്രീനുകളിൽ തത്സമയം കാണിച്ചിരുന്നു.
കോൺക്ലേവിനു മുന്നോടിയായി ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാനയിൽ നിരവധി പേർ പങ്കെടുത്തു. ഇന്ന് ഉച്ചയ്ക്കുമുന്പ് രണ്ടു തവണയും ഉച്ചകഴിഞ്ഞ് രണ്ടു തവണയും വോട്ടെടുപ്പ് നടക്കുമെന്നിരിക്കെ സെന്റ് പീറ്റേഴ്സ് ചത്വരം ഇന്നു വിശ്വാസികളാൽ നിറയും.