സഹായം തേടി പാക് സന്ദേശം: തൊട്ടുപിന്നാലെ പിൻവലിച്ചു
Saturday, May 10, 2025 2:05 AM IST
ഇസ്ലാമാബാദ്/ന്യൂഡൽഹി: ഇന്ത്യയുമായുള്ള സംഘർഷത്തിലുണ്ടായ കനത്ത നഷ്ടം നേരിടാൻ രാജ്യാന്തര വായ്പകൾ തേടി സാന്പത്തിക മന്ത്രാലയത്തിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട എക്സ് സന്ദേശം സമൂഹമാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്തതിനെത്തുടർന്നാണെന്നു പാക്കിസ്ഥാൻ.
സന്ദേശം പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും അക്കൗണ്ട് പൂര്‍വ സ്ഥിതിയിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സാന്പത്തിക മന്ത്രാലയം വിശദീകരിച്ചിരുന്നു.
‘ശത്രുക്കള്‍ കനത്ത നാശം വരുത്തിയതിനാല്‍ രാജ്യാന്തര പങ്കാളികളില്‍ നിന്നും കൂടുതല്‍ വായ്പ അഭ്യര്‍ഥിക്കുന്നു. ഓഹരി വിപണി തകര്‍ച്ചക്കിടയില്‍ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന്‍ രാജ്യാന്തര പങ്കാളികള്‍ സഹായിക്കണം’ എന്നായിരുന്നു അക്ഷരതെറ്റുകളോടെയുള്ള സന്ദേശം.
രാജ്യാന്തര നാണയനിധിയില്‍ നിന്ന് (ഐഎംഎഫ്) ഏറ്റവും കൂടുതല്‍ വായ്പയെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ നാലാമതുള്ള പാകിസ്ഥാന് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനിടയിലാണ് ഇന്ത്യയുമായുള്ള സംഘര്‍ഷം.
വ്യാഴാഴ്ച പാക് ഓഹരിസൂചികകൾ 6,000 പോയിന്റ് തകർന്നതിനു പിന്നാലെയാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇന്നലെ രാവിലെ ആയിരം പോയിന്റോളം വിപണി തിരിച്ചുപിടിച്ചിട്ടുണ്ട്.