ട്രംപോ, മോദിയോ; ആരുടെ "വെടി’നിർത്തലെന്നു കോൺഗ്രസ്
Thursday, May 15, 2025 2:04 AM IST
ന്യൂയോർക്ക്: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയ്ക്കായി ഇടപെട്ടെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് അഞ്ചാം തവണയാണ്, വെടിനിർത്തലിന് യുഎസ് മധ്യസ്ഥം വഹിച്ചതായി ട്രംപ് അവകാശപ്പെടുന്നത്.
എന്നാൽ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇന്ത്യ-പാക് വെടിനിർത്തൽ സംഭവച്ചതിൽ സന്തോഷമുണ്ടെന്നു ട്രംപ് പറഞ്ഞു.
""വളരെ ചെറിയ സമയത്തേക്കായിരുന്നെങ്കിലും ആണവയുദ്ധ സാധ്യതയുള്ള ഒരുകാലഘട്ടം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കരുതുന്നു. ഇന്ത്യക്കും പാക്കിസ്ഥാനും വളരെ നല്ല നേതാക്കളുണ്ട്, എനിക്ക് നന്നായി അറിയാവുന്ന ആളുകൾ.
വെടിനിർത്തൽ ധാരണയിലെത്താൻ അമേരിക്ക, ഇടപെടൽ നടത്തി. ഇന്ത്യയും പാക്കിസ്ഥാനും ശക്തമായ രണ്ട് ആണവരാജ്യങ്ങളാണ്. ശക്തമായ ആണവായുധങ്ങളാണ് രണ്ട് പക്ഷത്തുമുള്ളത്.
വളരെ കുറഞ്ഞ അളവിൽപോലും പ്രയോഗിച്ചാൽ ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടും. ധീരമായ ഈ തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ സഹായിക്കാനായതില്‍ അമേരിക്കയ്ക്ക് അഭിമാനവും സന്തോഷവുമുണ്ട്. വ്യാപാരക്കരാറുകൾ ആണവായുധങ്ങളേക്കാൾ നല്ലതാണെന്ന് ഇരുരാജ്യങ്ങളെയും ബോധ്യപ്പെടുത്തി''-ട്രംപ് പറഞ്ഞു.
സൗദിയിലും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നു. ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയിലെത്താൻ തന്റെ ഭരണകൂടം ചരിത്രപരമായ ഇടപെടൽ നടത്തിയെന്ന് റിയാദിലെ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ ട്രംപ് പറഞ്ഞു.
ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും മറുപടി പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. യുഎസ് സമ്മർദത്തിനു മുന്നിൽ ഇന്ത്യയുടെ സുരക്ഷാ താത്പ ര്യങ്ങൾ പണയം വയ്ക്കുന്നുണ്ടോയെന്ന് സ്വതവേ വാചാലരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പറയണം.
സൗദിയിൽനടന്ന പരിപാടിയിൽ ഉപരോധങ്ങളും വ്യാപാരക്കരാറുകളും ഉപയോഗിച്ച് ഇന്ത്യയെ ബ്ലാക് മെയിൽ ചെയ്യിച്ച് വെടിനിർത്തൽ കരാറിലെത്തിച്ചെന്ന് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നു.
പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഈ വെളിപ്പെടുത്തലിനെക്കുറിച്ച് എന്താണു പറയാനുള്ളത്? യുഎസ് സമ്മർദത്തിനു മുന്നിൽ ഇന്ത്യയുടെ സുരക്ഷാ താത്പര്യങ്ങൾ പണയപ്പെടുത്തിയോ? കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രമേശ് എക്സിൽ ചോദിച്ചു.