റഷ്യ-യുക്രെയ്ൻ ചർച്ച: യുദ്ധത്തടവുകാരെ കൈമാറും
Saturday, May 17, 2025 12:00 AM IST
ഇസ്താംബൂൾ: യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും യുക്രെയ്നും മൂന്നു വർഷത്തിനുശേഷം ആദ്യമായി നടത്തിയ മുഖാമുഖ ചർച്ചയിൽ കാര്യമായ തീരുമാനങ്ങളില്ല. ആയിരം വീതം യുദ്ധത്തടവുകാരെ പരസ്പരം കൈമാറാൻ ഇരു പക്ഷവും ധാരണയായി.
തുർക്കിയിലെ ഇസ്താംബൂളിലുള്ള ഡോൽമബാച്ചെ കൊട്ടാരത്തിൽ നടന്ന ചർച്ച രണ്ടു മണിക്കൂർ നീണ്ടു. വെടിനിർത്തലും യുദ്ധത്തടവുകാരുടെ കൈമാറ്റവുമാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് യുക്രെയ്ൻ സംഘത്തെ നയിച്ച പ്രതിരോധമന്ത്രി റസ്തം ഉമറോവ് അറിയിച്ചു.
തടവുകാരുടെ കൈമാറ്റം വരും ദിവസങ്ങളിലുണ്ടാകുമെന്ന് റഷ്യൻ സംഘത്തെ നയിച്ച പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉപദേശകൻ വ്ലാഡിമിർ മെഡിൻസ്കി അറിയിച്ചു.
വെടി നിർത്തൽ സംബന്ധിച്ച് ഇരു പക്ഷവും പദ്ധതികൾ തയാറാക്കും. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും പുടിനും തമ്മിൽ മുഖാമുഖ ചർച്ച വേണമെന്ന് യുക്രെയ്ൻ സംഘം നിർദേശിച്ചു. ചർച്ചയിൽ റഷ്യക്കു തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാനും ചർച്ചയിൽ പങ്കെടുത്തു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ സമ്മർദങ്ങൾക്കൊടുവിലാണ് റഷ്യ-യുക്രെയ്ൻ മുഖാമുഖ ചർച്ച വീണ്ടും സാധ്യമായത്. ഇസ്താംബൂളിൽ വ്യാഴാഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചർച്ച ഇന്നലെയാണു നടന്നത്.
അതേസമയം, പുടിനും താനും തമ്മിൽ കൂടിക്കാഴ്ച നടത്താതെ വെടിനിർത്തൽ ശ്രമങ്ങളിൽ പുരോഗതിയുണ്ടാകില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞ പശ്ചാത്തലത്തിൽ ഇസ്താംബൂൾ ചർച്ചയിൽ സുപ്രധാന തീരുമാനങ്ങളുണ്ടാവില്ലെന്നു വ്യക്തമായിരുന്നു. കഴിയുന്നതും വേഗം പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ഇതിനിടെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വ്യാഴാഴ്ച അങ്കാറയിൽ തുർക്കി പ്രസിഡന്റ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ, തുർക്കി, യുഎസ് ത്രികക്ഷി ചർച്ച ഇന്നലെ തുർക്കിയിൽ അരങ്ങേറി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ ചർച്ചയിൽ പങ്കെടുത്തു.
ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടൻ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായുള്ള വെടിനിർത്തൽ പ്രഖ്യാപനം കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്ന സൂചനയും ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് ആയ സെബാസ്റ്റ്യൻ ഗോർക നല്കി.