ഗാസയിൽ 103 പേർ കൊല്ലപ്പെട്ടു
Thursday, May 15, 2025 10:43 PM IST
കയ്റോ: ഇസ്രേലി സേന ഇന്നലെ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 103 പേർ കൊല്ലപ്പെട്ടു. ധാരാളം കുട്ടികളും വനിതകളും ഇതിൽ ഉൾപ്പെടുന്നതായി ഗാസയിലെ മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ പലസ്തീൻ അഭയാർഥികളുടെ ടെന്റുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ 56 പേരാണു കൊല്ലപ്പെട്ടത്. ഹമാസിന്റെ അഖ്സ റേഡിയോയിൽ പ്രവർത്തിച്ചിരുന്ന ഹസൻ സമൂർ എന്ന മാധ്യമപ്രവർത്തകനും ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 11 പേരും ഇതിൽ ഉൾപ്പെടുന്നു.
വടക്കൻ ഗാസയിലെ ജബലിയ പട്ടണത്തിൽ മെഡിക്കൽ ക്ലിനിക് ഉൾപ്പെടെ ആക്രമണത്തിനിരയായി. വടക്ക് ബെയ്ത് ലാഹിയ, സെൻട്രൽ ഗാസയിലെ ദെയിർ അൽ ബലാ പട്ടണങ്ങളിലും ആക്രമണമുണ്ടായി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗൾഫ് പര്യടനത്തിനിടെ ഇസ്രേലി സേന ഗാസയിൽ വൻ ആക്രമണമാണു നടത്തിയത്. ബുധനാഴ്ച 80 പേർ കൊല്ലപ്പെട്ടിരുന്നു.
ട്രംപിന്റെ പര്യടനം അവസാനിക്കുന്നതിനു മുന്പ് ഹമാസ് ഭീകരർ വെടിനിർത്തലിനു തയാറാകണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു.