ഇസ്രയേലിൽ ഭീകരാക്രമണം; ഗർഭിണി കൊല്ലപ്പെട്ടു
Thursday, May 15, 2025 10:43 PM IST
ടെൽ അവീവ്: ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിൽ ഗർഭിണി കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കുഭാഗത്ത് ബുധനാഴ്ചയായിരുന്നു സംഭവം. 30 വയസുള്ള സീല ഗേസ് ആണു മരിച്ചത്.
പ്രസവത്തിനായി ഇവരും ഭർത്താവും വീട്ടിൽനിന്ന് ആശുപത്രിയിലേക്കു പോകവേ അക്രമി കാറിനു നേർക്കു വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചു നടത്തിയ അടിയന്തര ശസ്ത്രക്രിയയിൽ കുഞ്ഞിനെ രക്ഷപ്പെടുത്താനായെങ്കിലും അമ്മ മരിച്ചു.
ഭർത്താവിനും നിസാര പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിടികൂടാനായി ഇസ്രേലി സുരക്ഷാ ഭടന്മാർ വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഗ്രാമം വളഞ്ഞു തെരച്ചിൽ നടത്തുന്നു.