ഐസിസി പ്രോസിക്യൂട്ടർ കരീംഖാൻ പദവിയൊഴിഞ്ഞു
Saturday, May 17, 2025 12:00 AM IST
ദ ഹേഗ്: ലൈംഗിക പീഡനാരോപണം നേരിടുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പ്രോസിക്യൂട്ടർ കരീം ഖാൻ താത്കാലികമായി പദവി ഒഴിഞ്ഞുവെന്ന് റിപ്പോർട്ട്. യുഎൻ അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ അദ്ദേഹം അവധിയെടുക്കുകയായിരുന്നു.
കരീം ഖാന്റെ അസിസ്റ്റന്റായിരുന്ന മലേഷ്യൻ അഭിഭാഷകയാണ് പരാതി ഉന്നയിച്ചത്. പല സ്ഥലങ്ങളിൽവച്ച് പിഡിപ്പിച്ചുവെന്നാണ്, വിവാഹിതയും കുഞ്ഞിന്റെ അമ്മയുമായ മുപ്പതുകാരിയുടെ പരാതി. ഐസിസി അഞ്ചു ദിവസം നീണ്ട അഭ്യന്തര അന്വേഷണം നടത്തിയെങ്കിലും ഖാനെതിരേ നടപടി എടുത്തില്ല. കഴിഞ്ഞവർഷം അവസാനമാണ് യുഎൻ സംഘത്തിന് അന്വേഷണം കൈമാറിയത്.
ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിലെ പ്രധാനമന്ത്രി നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റിനും എതിരേ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിന് രണ്ടാഴ്ച മുന്പാണ് മലേഷ്യൻ അഭിഭാഷക ഖാനെതിരേ ഔദ്യോഗികമായി പരാതി നല്കിയത്.
ഇതേത്തുടർന്ന് ഖാൻ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഇസ്രേലി നേതാക്കൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ തിടുക്കത്തിൽ ഐസിസിയെ സമീപിക്കുകയായിരുന്നുവെന്ന് അരോപണമുണ്ട്.
ബ്രിട്ടീഷ് അഭിഭാഷകനായ ഖാൻ 2021ലാണ് ഐസിസി പ്രോസിക്യൂട്ടറായത്.