ഗാസയിൽ 135 മരണം
Monday, May 19, 2025 1:17 AM IST
കയ്റോ: ഖത്തറിൽ വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചിരിക്കേ ഇസ്രേലി സേന ഗാസയിൽ രൂക്ഷ ആക്രമണം തുടരുന്നു. ഇന്നലെ രാവിലെ ഗാസയിലുടനീളമുണ്ടായ ബോംബിംഗിൽ 135 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. വടക്കൻ ഗാസയിലെ എല്ലാ ആശുപത്രികളും പ്രവർത്തനരഹിതമായെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശത്ത് പലസ്തീനിൻ അഭയാർഥികളുടെ പലസ്തീൻ അഭയാർഥികളുടെ കൂടാരങ്ങൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. അഞ്ചു പലസ്തീൻ മാധ്യമപ്രവർത്തകരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
കഴിഞ്ഞവർഷം ഒക്ടോബറിൽ വധിക്കപ്പെട്ട ഹമാസ് തലവൻ യഹ്യ സിൻവറിന്റെ സഹോദരനും ഗാസ യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം അധ്യാപകനുമായിരുന്ന സക്കറിയ സിൻവരും മൂന്നു മക്കളും സെൻട്രൽ ഗാസയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇതിനിടെ, വടക്കൻ ഗാസയിലെ മൂന്ന് ആശുപത്രികളും പ്രവർത്തനം നിർത്തിയതായി ഹമാസിന്റെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചു. ബെയ്ത് ലാഹിയയിലെ ഇന്തോനേഷ്യൻ ആശുപത്രി ഇസ്രേലി സേന ഉപരോധിച്ചതിനെത്തുടർന്നാണ് പ്രവർത്തനം നിർത്തിയത്. കനത്ത വെടിവയ്പു മൂലം ആശുപത്രിയിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയുന്നില്ല. ബെയ്ത് ഹാനൂൺ, കമാൽ അദ്വാൻ ആശുപത്രികളും പ്രവർത്തനം നിർത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് ഖത്തറിൽ ആരംഭിച്ച ചർച്ചയിൽ സുപ്രധാന തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. രണ്ടു മാസത്തെ വെടിനിർത്തലിന് ഇസ്രയേൽ തയാറായാൽ ഗാസയിൽ കസ്റ്റഡിയിലുള്ള ഒന്പതു ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ ഇസ്രയേൽ പരസ്യപ്രതികരണം നടത്തിയിട്ടില്ല.