19-ാം തവണ എവറസ്റ്റിനു മുകളിൽ; റിക്കാർഡുമായി കെന്റൺ കൂൾ
Monday, May 19, 2025 1:17 AM IST
കാഠ്മണ്ഡു: ബ്രിട്ടീഷ് പർവതാരോഹകൻ കെന്റൺ കൂൾ പത്തൊന്പതാം തവണ എവറസ്റ്റ് കീഴടക്കി സ്വന്തം റിക്കാർഡ് തിരുത്തി. നേപ്പാളിലെ ഷേർപ്പ സമുദായത്തിൽപ്പെടാത്തൊരാൾ ഏറ്റവും കൂടുതൽ തവണ എവറസ്റ്റിനു മുകളിലെത്തിയതിന്റെ റിക്കാർഡാണ് കൂളിന്റെ പേരിലുള്ളത്.
അന്പത്തൊന്നുകാരനായ കൂൾ 2004ലാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. തുടർന്നുള്ള മിക്കവാറും എല്ലാ വർഷങ്ങളിലും സാഹസം ആവർത്തിച്ചിരുന്നു. 8,849 മീറ്റർ ഉയരമുള്ള കൊടുമുടിയുടെ മുകളിൽ ഇന്നലെ രാവിലെ വീണ്ടും ചുവടുവച്ചു. കൂളിനൊപ്പമുണ്ടായിരുന്ന നേപ്പാളി ഷെർപ്പ ദോർജി ഗ്യാൽജെൻ 23-ാം തവണയും എവറസ്റ്റി മുകളിലെത്തി.
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയതിൻെ റിക്കാർഡ് റിത ഷെർപ്പ എന്ന നേപ്പാളിക്കാണ് - 30 തവണ. 1953ൽ ടെൻസിംഗ് നോർഗെ ഷെർപ്പയും ന്യൂസിലൻഡുകാരൻ എഡ്മണ്ട് ഹിലാരിയും ആദ്യമായി എവറസ്റ്റ് കീഴടക്കിയ ശേഷം ഏതാണ് എണ്ണായിരത്തിലധികം പേർ എവറസ്റ്റിനു മുകളിലെത്തിയിട്ടുണ്ട്.