ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യസഭാ ഉപാധ്യക്ഷനും നാഗാലാൻഡ് ഉപമുഖ്യമന്ത്രിയും
Monday, May 19, 2025 1:17 AM IST
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിൽ ഇന്ത്യയിൽനിന്നുള്ള പ്രതിനിധിസംഘത്തെ നയിച്ചത് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് ആണ്. നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാന്തുങ്കോ പാറ്റണും സംഘത്തിലുണ്ടായിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിന് അയച്ച ഇന്ത്യൻ സംഘത്തിൽനിന്നു വ്യത്യസ്തമായി ഇത്തവണ മലയാളികളാരും ഇന്ത്യൻ സംഘത്തിലില്ലായിരുന്നു. ഇന്നലെ വത്തിക്കാനിൽ നടന്ന തിരുക്കർമങ്ങൾക്കുശേഷം ഇന്ത്യൻ പ്രതിനിധിസംഘം ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചത്. ന്യൂനപക്ഷകാര്യ മന്ത്രി കിരണ് റിജിജു, സഹമന്ത്രി ജോർജ് കുര്യൻ, ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ പീറ്റർ ഡിസൂസ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 2013ൽ ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണത്തിനുള്ള ഇന്ത്യൻ സംഘത്തെ അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യനാണു നയിച്ചത്. എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി എന്നിവരും കുര്യന്റെ ഭാര്യ സൂസണും അന്ന് സംഘത്തിലുണ്ടായിരുന്നു.
അതേസമയം, ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാർഥമായ അഭിനന്ദനങ്ങളും ആശംസകളും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
സമാധാനം, ഐക്യം, ഐക്യദാർഢ്യം, സേവനം എന്നീ ആദർശങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കത്തോലിക്കാ സഭയുടെ തലവനെന്ന നിലയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വം വളരെ പ്രാധാന്യമുള്ള സാഹചര്യമാണു നിലവിലുള്ളതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ പൊതുവായ മൂല്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായി പരിശുദ്ധ സിംഹാസനവുമായുള്ള തുടർച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും എക്സിലെ പോസ്റ്റിൽ മോദി പറഞ്ഞു.
പരിശുദ്ധ സിംഹാസനവുമായുള്ള നയതന്ത്ര ഇടപെടൽ, മതാന്തര ഇടപെടൽ, സമൂഹങ്ങൾക്കിടയിലുള്ള പരസ്പര ബഹുമാനം എന്നിവയ്ക്കുള്ള ഇന്ത്യയുടെ ആഴമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണമെന്ന സുപ്രധാന ആഗോള സഭാപരിപാടിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പങ്കാളിത്തമെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.