ലോക തലസ്ഥാനമായി വത്തിക്കാൻ
Monday, May 19, 2025 1:17 AM IST
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷകൾ ലോകനേതാക്കളുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായി. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമാണ് വത്തിക്കാനിലെ ചടങ്ങുകളിൽ പങ്കെടുത്തത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ അമേരിക്കൻ പാരന്പര്യത്തിൽ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു.
റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നിലെ പ്രസിഡന്റ് സെലൻസ്കിയായിരുന്നു മറ്റൊരു ശ്രദ്ധേയനായ നേതാവ്. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ലെയോ പതിനാലാമൻ ആദ്യമായി ഫോണിൽ സംസാരിച്ച വിദേശ നേതാവ് സെലൻസ്കിയായിരുന്നു. ഇന്നലെ സ്ഥാനമേറ്റെടുത്തശേഷം മാർപാപ്പ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഉറച്ച കത്തോലിക്കാ വിശ്വാസിയായ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും വത്തിക്കാനിലെത്തി. കനേഡിയൻ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരുന്നതിനാൽ അദ്ദേഹത്തിന് ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ലെയോ പതിനാലാമന്റെ കർമമണ്ഡലമായിരുന്ന ലാറ്റിനേരിക്കൻ രാജ്യമായ പെറുവിൽനിന്ന് പ്രസിഡന്റ് ദിന ബൊലാർതെയാണു പങ്കെടുത്തത്. ഇറ്റാലിയിൽനിന്ന് പ്രസിഡന്റ് സെർജിയോ മാത്തറെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വേവർ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഊർസുല ഫോൺ ദെർ ലെയ്ൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസ്വാ ബോയ്റു, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ്, ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, ലിത്വാനിയ പ്രസിഡന്റ് ഗിറ്റനാസ് നൗസേദ, നെതർലാൻഡ്സിലെ മക്സിമ രാജ്ഞി, പ്രധാനമന്ത്രി ഡിക് ഷൂഫ്, സ്പെയിൻ രാജാവ് ഫെലിപ് ആറാമൻ, രാജ്ഞി ലെറ്റീഷ്യ, മൊണാക്കോയിലെ ആൽബർട്ട് രാജകുമാരൻ, ചാർളിൻ രാജകുമാരി, നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു, പോർച്ചുഗൽ പ്രസിഡന്റ് മാഴ്സെലോ റിബെലോ ഡിസൂസ, ബ്രിട്ടനിലെ എഡ്വേർഡ് രാജകുമാരൻ, അൽബേനിയ പ്രസിഡന്റ് ബാജ്രാം ബേഗ, അർമേനിയ പ്രസിഡന്റ് വാഹാൻ ഖാചാതുര്യാൻ, ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കർ, ബൽജിയം രാജാവ് ഫിലിപ്പ്, രാജ്ഞി മെറ്റിൽഡ, ബൾഗേറിയ പ്രധാനമന്ത്രി റോസൻ ജെലിയാസ്കൊവ്, കൊളംബിയ പ്രസിഡന്റ് ഗുസ്താവ് പെത്രോ, ക്രൊയേഷ്യ പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകൊവിക്, ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നൊബോവ, ഗാബോൺ പ്രസിഡന്റ് ബിസ് ഒലിഗുയി നുമാ, ജോർജിയ പ്രസിഡന്റ് മിഖെയിൽ കവാലെഷ്വിൽ, ഹംഗറി പ്രസിഡന്റ് താമാസ് സുല്യോക്, അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി. ഹിഗിൻസ്, ലാത്വിയ പ്രധാനമന്ത്രി എവിക സിലിന, ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ, ലക്സംബർഗ് പ്രധാനമന്ത്രി ലുക് ഫ്രിഡെൻ, മാൾട്ട പ്രധാനമന്ത്രി റോബർട്ട് ആബെല, മൊറോക്കോ പ്രധാനമന്ത്രി അസിസ് അഖാന്നൊക് തുടങ്ങി 50ഓളം ലോകനേതാക്കളും നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ലെയോ പതിനാലാമൻ മാർപാപ്പയുടെ സഹോദരങ്ങളായ ലൂയിസ് മാർട്ടിനും ജോൺ ജോസഫും ഇവരുടെ കുടുംബാംഗങ്ങളും ശനിയാഴ്ച വത്തിക്കാനിൽ എത്തിയിരുന്നു. അമേരിക്കയിൽനിന്നും പെറുവിൽനിന്നും നൂറുകണക്കിന് വിശ്വാസികളും ചടങ്ങിനെത്തി. തിരുക്കർമ്മങ്ങൾക്കിടയിലും പോപ്പ് മൊബീലിൽ സഞ്ചരിച്ച് മാർപാപ്പ ആശീർവാദം നൽകിയപ്പോഴും ഇവർ ദേശീയ പതാകകൾ വീശി മാർപാപ്പയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.