ഒരുക്കിയത് കനത്ത സുരക്ഷ
Monday, May 19, 2025 1:17 AM IST
വത്തിക്കാൻ സിറ്റി: ഒരു മാസത്തിനിടെ വീണ്ടും വത്തിക്കാൻ ലോകനേതാക്കളുടെ സംഗമവേദിയായപ്പോൾ ഒരുക്കിയത് പഴുതടച്ച സുരക്ഷ. ഇറ്റാലിയൻ പോലീസിനു പുറമെ സൈനിക കമാൻഡോകളും സൈന്യത്തിലെ ബോംബ് സ്ക്വാഡുകളും ഡോഗ് സ്ക്വാഡുകളുമെല്ലാം രംഗത്തുണ്ടായിരുന്നു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുകളിൽ രഹസ്യപോലീസ് സദാ നിരീക്ഷണം നടത്തി. സൈനികവിമാനം വത്തിക്കാനു മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തി. വിമാനത്താവളങ്ങളിലേതിനു സമാനമായ ത്രിതല പരിശോധനയ്ക്കുശേഷമാണ് വിശ്വാസികളെ ചത്വരത്തിനുള്ളിലേക്ക് കടത്തിവിട്ടത്. പൊതുജന സേവനത്തിനായി നൂറുകണക്കിന് വോളന്റിയർമാരെയും മെഡിക്കൽ സംഘങ്ങളെയും സജ്ജീകരിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിൽ 26ന് ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കശുശ്രൂഷകൾ നടന്നപ്പോഴും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളും 150 ഓളം രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘങ്ങളും വത്തിക്കാനിൽ എത്തിയതിനാൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്നലെ അതിരാവിലെതന്നെ വിശ്വാസികൾ ചത്വരത്തിലേക്കു പ്രവഹിച്ചിരുന്നു. ലെയോ പതിനാലാമൻ മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ഔദ്യോഗിക പ്രതിനിധിസംഘങ്ങൾക്കുപുറമെ സ്വന്തം നിലയ്ക്ക് നിരവധി പേരാണ് വത്തിക്കാനിലെത്തിയത്.
മാർപാപ്പ മിഷനറിയായും ബിഷപ്പായും പ്രവർത്തിച്ച പെറുവിലെ ചെക്ലായ രൂപതയ്ക്കു കീഴിലുള്ള പള്ളികളിലെല്ലാം ഇന്നലെ വലിയ ടിവി സ്ക്രീനുകൾ സജ്ജമാക്കി തിരുക്കർമങ്ങൾ തത്സമയം കാണിച്ചു.
നൂറുകണക്കിനു വിശ്വാസികളാണ് പള്ളികളിലേക്കു പ്രവഹിച്ചത്. അതിനിടെ, ലെയോ പതിനാലാമൻ മാർപാപ്പ ജനിച്ചുവളർന്ന ഷിക്കാഗോയിലെ വീട് സഞ്ചാരികളാൽ നിറയുകയാണ്. ദിനംപ്രതി നിരവധി പേരാണ് ഈ കൊച്ചുവീട് കാണാനും ഫോട്ടോയെടുക്കാനുമായി എത്തുന്നത്.