ബൈഡന് കാൻസർ
Tuesday, May 20, 2025 2:18 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. അതിവേഗം പടരുന്ന കാൻസർ എല്ലുകളെയും ബാധിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ, ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാനാകുമെന്നും വ്യക്തമാക്കി.
എൺപത്തിരണ്ടുകാരനായ ബൈഡൻ മൂത്രസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് ഡോക്ടറെ കണ്ടത്. വെള്ളിയാഴ്ച കാൻസർ സ്ഥിരീകരിച്ചു. ബൈഡനും കുടുംബവും ചികിത്സാമാർഗങ്ങൾ പരിശോധിച്ചുവരികയാണെന്നും അറിയിപ്പിൽ പറയുന്നു.
രോഗമുക്തി ആശംസിച്ച് മോദി
ജോ ബൈഡൻ എത്രയും വേഗം പൂർണ രോഗമുക്തനാകട്ടെ യെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു. ബൈഡന്റെ രോഗവാർത്ത തനിക്കും പത്നി മെലാനിയയ്ക്കും ദുഃഖമുണ്ടാക്കിയെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചു.
യുഎസിലെ മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരീസ്, മുൻ പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ തുടങ്ങിയവരും ബൈഡന് രോഗമുക്തി ആശംസിച്ചു.