ഹസീനയുടെ വേഷം ചെയ്ത ബംഗ്ലാ നടി നുസ്രത്ത് ഫാരിയ ജുഡീഷൽ കസ്റ്റഡിയിൽ
Tuesday, May 20, 2025 2:18 AM IST
ധാക്ക: അറസ്റ്റിലായ നടി നുസ്രത്ത് ഫാരിയയെ ബംഗ്ലാ കോടതി ജുഡീഷൽ കസ്റ്റഡിയിൽ ജയിലിലടച്ചു. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ സിനിമയിൽ അവതരിപ്പിച്ച നടി ഞായറാഴ്ച തായ്ലൻഡിലേക്കു പോകാനൊരുങ്ങവേ ധാക്ക വിമാനത്താവളത്തിൽ അറസ്റ്റിലാവുകയായിരുന്നു.
നുസ്രത്ത് ഫാരിയയ്ക്കെതിരേ കൊലപാതശ്രമക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. ഷേഖ് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്യാൻ കാരണമായ വിദ്യാർഥിപ്രക്ഷോഭത്തിനിടെയുള്ള സംഭവവുമായി ബന്ധപ്പെട്ടാണു കേസെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്നലെ രാവിലെയാണ് നടിയെ കനത്ത സുരക്ഷയിൽ കോടതിയിൽ ഹാജരാക്കിയത്. നടിയുടെ അഭിഭാഷകർ ജാമ്യത്തിനു ശ്രമിക്കുന്നുണ്ട്. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കുമെന്നാണു റിപ്പോർട്ട്.
ബംഗ്ലാദേശ് സ്ഥാപകൻ ഷേഖ് മുജിബുർ റഹ്മാനെക്കുറിച്ച് ഇന്ത്യൻ സംവിധായകൻ ശ്യാം ബനഗൽ തയാറാക്കിയ ‘മുജിബ് ദ മേക്കിംഗ് ഓഫ് എ നേഷൻ’ എന്ന ചിത്രത്തിലാണ് മുജിബിന്റെ മകൾകൂടിയായ ഷേഖ് ഹസീനയുടെ വേഷം നുസ്രത്ത് ഫാരിയ അവതരിപ്പിച്ചത്. ഇന്ത്യയും ബംഗ്ലാദേശും ചേർന്നാണു സിനിമ നിർമിച്ചത്.
ഇപ്പോൾ ബംഗ്ലാദേശ് ഭരിക്കുന്ന മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ഹസീന ഭരണകൂടവുമായി ബന്ധമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ, കലാകാരന്മാർ, സമൂഹികപ്രവർത്തകർ എന്നിവരെ വേട്ടയാടുന്നതായി ആരോപണമുണ്ട്.