നിക്കുഷോർ ദാൻ റുമാനിയൻ പ്രസിഡന്റ്
Tuesday, May 20, 2025 2:18 AM IST
ബുക്കാറസ്റ്റ്: യൂറോപ്യൻ യൂണിയൻ അനുകൂലിയായ നിക്കുഷോർ ദാൻ റുമാനിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഞായാറഴ്ച നടന്ന രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബുക്കാറസ്റ്റ് മേയർകൂടിയായ അദ്ദേഹത്തിന് 54 ശതമാനം വോട്ടുകൾ ലഭിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരാധകനും യുക്രെയ്ൻ വിരുദ്ധനുമായ ജോർജ് സൈമണിനെയാണു തോൽപ്പിച്ചത്.
ഈ മാസം ആദ്യം നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയ ജോർജ് സൈമണിന്റെ തോൽവി അപ്രതീക്ഷിതമായി. യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗത്വമുള്ള റുമാനിയയിൽ നിക്കുഷോർ ദാൻ തെരഞ്ഞെടുക്കപ്പെട്ടത് പാശ്ചാത്യശക്തികൾക്ക് ആശ്വാസകരമായി.
അഴിമതിക്കെതിരേ സന്ധിയില്ലാ പോരാട്ടം, യുക്രെയ്നു പിന്തുണ എന്നീ വാഗ്ദാനങ്ങൾ നല്കിയാണു നിക്കുഷോർ ദാൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
യൂറോപ്യൻ യൂണിയനെയും യുക്രെയ്നു സൈനികസഹായം നല്കുന്നതിനെയും വിമർശിച്ചായിരുന്നു ജോർജ് സൈമണിന്റെ പ്രചാരണം. ജോർജ് സൈമൺ വിജയിച്ചിരുന്നെങ്കിൽ യൂറോപ്പിൽ റുമാനിയ ഒറ്റപ്പെടുമായിരുന്നെന്നും നാറ്റോയുടെ കിഴക്കൻ സേന ദുർബലമാകുമായിരുന്നെന്നും അഭിപ്രായം ഉയർന്നിരുന്നു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ്, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി തുടങ്ങിയവർ നിക്കുഷോർ ദാനിന്റെ തെരഞ്ഞെടുപ്പിനെ അഭിനന്ദിച്ചു.
ആറു മാസം മുന്പ് റുമാനിയയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യൂറോപ്യൻവിരുദ്ധനായ കാലിൻ ജോർജെസ്ക്യു ജയിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്നു കണ്ടെത്തിയ കോടതി ജോർജെസ്ക്യുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി.