യുഎസിൽ റിവഞ്ച് പോൺ കുറ്റകൃത്യമാക്കി
Tuesday, May 20, 2025 11:24 PM IST
വാഷിംഗ്ടൺ: യുഎസിൽ റിവഞ്ച് പോൺ (പ്രതികാരത്തിനായി നഗ്നദൃശ്യങ്ങൾ ഉപയോഗിക്കുന്നത്) ദേശീയ തലത്തിൽ കുറ്റകരമാക്കുന്ന ടേക്ക് ഇറ്റ് ഡൗൺ ആക്ടിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഒപ്പുവച്ചു.
പ്രഥമ വനിത മെലാനിയയുടെ ശ്രമഫലമായാണു നിയമം യാഥാർഥ്യമാകുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് രണ്ട് ദിവസം മുൻപ് പറഞ്ഞിരുന്നു. ഇനി , എഐ ഉപയോഗിച്ചുള്ള ഡീപ്പ്ഫേക്കുകൾ ഉൾപ്പെടെയുള്ള നഗ്നദൃശ്യങ്ങൾ ഒരാളുടെ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നതു കുറ്റകൃത്യമാണ്.
ഇരയാകുന്നവർ ആവശ്യപ്പെട്ടാൽ, 48 മണിക്കൂറുകൾക്കുള്ളിൽ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ കന്പനികളും ഇത്തരം ഉള്ളടക്കം നീക്കം ചെയ്യണമെന്നും നിയമം നിഷ്കർഷിക്കുന്നു.
പല സംസ്ഥാനങ്ങളും റിവഞ്ച് പോൺ നിരോധിച്ചിട്ടുണ്ടെങ്കിലും ദേശീയതലത്തിൽ ഇത്തരമൊരു നീക്കം ആദ്യമാണ്. ആദ്യ ട്രംപ് സർക്കാരിന്റെ കാലത്ത്, കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി മെലാനിയ ആരംഭിച്ച ബീ ബെസ്റ്റ് എന്ന ക്യാംപെയ്നിന്റെ തുടർച്ചയായാണു പുതിയ നീക്കം.
താനാണ് ഓൺലൈനിൽ ഏറ്റവുമധികം മോശമായി ചിത്രീകരിക്കപ്പെടുന്നതെന്നും ഈ നിയമം തനിക്കും ഉപകാരപ്പെടുമെന്നും മാർച്ചിൽ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഡിജിറ്റൽ അവകാശ സംഘടനകളും ഫ്രീ സ്പീച്ച് ആക്ടിവിസ്റ്റുകളും നിയമത്തെ എതിർത്ത് രംഗത്തെത്തിക്കഴിഞ്ഞു.
“ഓട്ടോമേറ്റഡ് ഫിൽറ്ററുകൾ ഉപയോഗിച്ചാണ് നീക്കം ചെയ്യേണ്ട അനധികൃത ഉള്ളടക്കം തിരിച്ചറിയുന്നത്. നിയമാനു സൃതമായ ഉള്ളടക്കത്തെയും ഇത് ബാധിക്കും”, ഡിജിറ്റൽ അവകാശത്തിന് വേണ്ടി വാ ദിക്കുന്ന ഇലക്ട്രോണിക് ഫ്രോ ണ്ടിയർ ഫൗണ്ടേഷൻ വക്താവ് അവകാശപ്പെട്ടു.