ചാൾസ് കുഷ്നർ ഫ്രാൻസിലെ യുഎസ് അംബാസഡർ
Tuesday, May 20, 2025 11:24 PM IST
വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറുടെ പിതാവ് ചാൾസ് കുഷ്നറെ ഫ്രാൻസിലേക്ക് യുഎസ് അംബാസഡറായി സെനറ്റ് തെരഞ്ഞെടുത്തു.
കുഷ്നർ കന്പനീസ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഉടമയാണ് ചാൾസ് കുഷ്നർ. ട്രംപ് ഭരണകൂടം സ്വീകരിച്ച വ്യാപാര നയങ്ങളെത്തുടർന്ന് ഫ്രാൻസുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായും യുഎസിനുണ്ടായിരുന്ന നല്ല ബന്ധത്തിൽ ഉലച്ചിൽ തട്ടിയ സാഹചര്യത്തിലാണ് കുഷ്നറുടെ നിയമനം.
ഫ്രാൻസും യുഎസും തമ്മിലുള്ള സാന്പത്തിക ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും പ്രതിരോധ രംഗത്തെ നിക്ഷേപം പ്രോൽസാഹിപ്പിക്കുമെന്നും കുഷ്നർ നേരത്തേ പറഞ്ഞിരുന്നു.
2005ൽ നികുതി വെട്ടിപ്പ് കേസിൽ ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ള ചാൾസ് കുഷ്നർക്ക് 2020ൽ ട്രംപ് മാപ്പ് കൊടുത്തിരുന്നു. അടുത്തിടെ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തോട് നാം ദയ കാട്ടേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.