ഗാസയിൽ 85 പേർ കൊല്ലപ്പെട്ടു; ഇസ്രയേലിനെതിരേ സമ്മർദം ശക്തമാകുന്നു
Tuesday, May 20, 2025 11:24 PM IST
ദെയ്ർ അൽ ബലാഹ്: ഗാസയിൽ ഇന്നലെയും തുടർന്ന ഇസ്രേലി ആക്രമണത്തിൽ 85 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഒരു കുടുംബം താമസിച്ചിരുന്ന വീടും ദുരിതാശ്വാസ ക്യാന്പ് പ്രവർത്തിച്ചിരുന്ന സ്കൂളും തകർന്നു.
കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതിനു ശേഷം 300 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. രണ്ടര മാസത്തെ തടസപ്പെടുത്തലിനുശേഷം, മേഖലയിലേക്ക് ആഹാരവും മരുന്നും ഇന്ധനവും അടങ്ങുന്ന വസ്തുക്കൾ ചെറിയ തോതിൽ എത്തിക്കാൻ അനുവദിക്കാമെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. സഖ്യകക്ഷികളിൽനിന്നുള്ള സമ്മർദം മൂലമാണിതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചിപ്പിച്ചു.
രണ്ടു ദിവസം മുന്പ് ഇസ്രയേലിനെതിരേ കാനഡ, ഫ്രാൻസ്, യുകെ എന്നിവർ ഉപരോധഭീഷണി മുഴക്കിയിരുന്നു. ബുദ്ധിസ്ഥിരതയുള്ള രാജ്യങ്ങൾ സിവിലിയന്മാരോടു യുദ്ധം ചെയ്യുകയും കുഞ്ഞുങ്ങളെ കൊല്ലുന്നതു വിനോദമായി കൊണ്ടുനടക്കുകയും ചെയ്യില്ലെന്ന വിമർശനവുമായി ഇസ്രയേലിലെ പ്രതിപക്ഷ ഡെമോക്രാറ്റ്സ് നേതാവ് യെർ ഗോലനും രംഗത്തെത്തിയിരുന്നു.