ദേശീയപാതയിൽ വീണ്ടും വിള്ളൽ
Wednesday, May 21, 2025 1:05 AM IST
മലപ്പുറം: മലപ്പുറം ജില്ലയിലെ തലപ്പാറയിലും ആറുവരി ദേശീയപാതയിൽ വിള്ളൽ. കഴിഞ്ഞ ദിവസം പാത തകർന്ന കൂരിയാടിന് ഏതാനും കിലോമീറ്റർ അകലെയാണിത്. മണ്ണിട്ടുയർത്തി നിർമിച്ച ദേശീയപാത ഭാഗത്താണു വിള്ളൽ കണ്ടത്. റോഡിനു നടുവിൽ 50 മീറ്ററോളമാണു വിള്ളലുണ്ടായത്. മേഖലയിൽ ഇന്നലെമുതൽ ശക്തമായ മഴയുണ്ട്.
അതേസമയം, കൂരിയാട് ദേശീയപാത 66 റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ദേശീയപാതാ അഥോറിറ്റി നിയോഗിച്ച മൂന്നു പേരടങ്ങുന്ന റോഡ് നിർമാണ മേഖലയിലെ സ്വതന്ത്ര വിദഗ്ധ സംഘം ഇന്ന് സ്ഥലം സന്ദർശിക്കുമെന്നു മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തകർന്ന സ്ഥലത്തെ റോഡിന്റെ നിർമാണം പുനരാരംഭിക്കുക.
റോഡ് ഇടിയാനുള്ള കാരണം, നിർമാണത്തിലെ വീഴ്ച, അശാസ്ത്രീയത, അപകടസാധ്യത, ഇനി തുടരേണ്ട നിർമാണരീതി തുടങ്ങിയവ വിദഗ്ധ സംഘം പരിശോധിക്കും. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയും സ്ഥലം സന്ദർശിക്കും.
റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. റോഡ് തകർച്ച കാരണമുണ്ടായ ഗതാഗത തടസം നീക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കൂരിയാട്ടെ വയലിലൂടെ കടന്നുപോകുന്ന റോഡിന്റെ നിർമാണത്തെക്കുറിച്ചുള്ള ആശങ്ക നേരത്തേതന്നെ ദേശീയപാതാ അഥോറിറ്റിയെ അറിയിച്ചിരുന്നതാണെന്നും എന്നാൽ അക്കാര്യം അവർ മുഖവിലയ്ക്കെടുത്തില്ലെന്നു ജനപ്രതിനിധികൾ പറഞ്ഞു.
റോഡിന്റെ ഭാരമുണ്ടാക്കിയ സമ്മർദത്തിൽ വയലിലെ മണ്ണ് തെന്നിമാറിയതിനാലാണ് അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനമെന്ന് ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞു.
വയലിൽ നിർമാണപ്രവൃത്തികൾ നടത്തിയപ്പോൾ ആവശ്യമായ ബലം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്. മഴയെത്തുടർന്ന് വയലിൽ വിള്ളലുണ്ടായി മണ്ണ് നീങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് ദേശീയപാതാ പ്രോജക്ട് ഡയറക്ടർ അൻഷുൽ ശർമയുടെ വിശദീകരണം.
വയൽ പ്രദേശത്തെ അശാസ്ത്രീയ നിർമാണമാണ് തകർച്ചയ്ക്ക് വഴിയൊരുക്കിയതെന്ന ആരോപണം ശരിയല്ല. വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണു റോഡ് നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നീലേശ്വരം റീച്ചിലും വിള്ളൽ
കാഞ്ഞങ്ങാട്: കനത്ത മഴയില്‍ ദേശീയപാത 66ല്‍ ചെങ്കള-നീലേശ്വരം റീച്ചിലെ കാഞ്ഞങ്ങാടിനു സമീപം മാവുങ്കാല്‍ കല്യാണ്‍ റോഡിലെ സര്‍വീസ് റോഡ് ഇടിഞ്ഞുവീണു.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണു സംഭവം. കല്ലും മണ്ണും ടാറിംഗും ഒലിച്ചുപോയതോടെ മീറ്ററുകളോളം ആഴത്തില്‍ കുഴി രൂപപ്പെട്ടു. തകര്‍ന്ന ഭാഗത്തുകൂടി മഴവെള്ളം കുത്തിയൊഴുകുന്ന നിലയിലാണ്.
ഇതു ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരൻ മറ്റു വാഹനങ്ങൾ തടഞ്ഞുനിര്‍ത്തിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഇതുകൂടാതെ ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ കിഴക്കുഭാഗത്തായി 53 മീറ്റര്‍ നീളത്തിലും 4.10 മീറ്റര്‍ വീതിയിലും കാസര്‍ഗോഡുനിന്ന് കണ്ണൂരിലേക്കു പോകുന്ന ഭാഗത്തായി വിള്ളല്‍ ഉണ്ടായിട്ടുണ്ട്.