മൂന്നു വയസുകാരിയെ പുഴയില്‍ എറിഞ്ഞുകൊന്നു; അമ്മ അറസ്റ്റില്‍
Wednesday, May 21, 2025 1:05 AM IST
കൊച്ചി: എറണാകുളം തിരുവാണിയൂര്‍ മറ്റക്കുഴി സ്വദേശിയായ മൂന്നു വയസുകാരിയെ പുഴയില്‍ എറിഞ്ഞുകൊന്ന അമ്മ അറസ്റ്റില്‍. തിരുവാങ്കുളം മറ്റക്കുഴി കീഴ്പിള്ളില്‍ സുഭാഷിന്റെ ഭാര്യ സന്ധ്യ(35)യാണ് അറസ്റ്റിലായത്.
മകള്‍ കല്യാണിയെയാണു സന്ധ്യ ചാലക്കുടി പുഴയില്‍ എറിഞ്ഞുകൊന്നത്. കുട്ടിയെ പുഴയിലേക്ക് എറിഞ്ഞതാണെന്നു ചോദ്യംചെയ്യലില്‍ സന്ധ്യ സമ്മതിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. സന്ധ്യക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം തിരുവാണിയൂരില്‍നിന്ന് ആലുവയിലേക്കുള്ള യാത്രാമധ്യേ കുട്ടിയെ കാണാതായെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ അമ്മയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതില്‍നിന്ന് മൂഴിക്കുളം പാലത്തില്‍വച്ച് കുഞ്ഞിനെ ഉപേക്ഷിച്ചതായി മൊഴി നല്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചാലക്കുടി പുഴയില്‍ പോലീസും സ്കൂബാ സംഘവും തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലില്‍ ഇന്നലെ പുലര്‍ച്ചെ 2.20 ന് മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പുതഞ്ഞുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കല്യാണിയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അച്ഛൻ സുഭാഷിന്റെ തിരുവാണിയൂരിലെ വീട്ടില്‍ ഇന്നലെ ഉച്ചയോടെ എത്തിച്ചു. വൈകുന്നേരം സംസ്കാരം നടത്തി. കല്യാണിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതമുണ്ടായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.