പ്ലസ് വണ്‍ അപേക്ഷാ സമർപ്പണം അവസാനിച്ചു; 4. 61 ലക്ഷം അപേക്ഷകൾ
Wednesday, May 21, 2025 1:04 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഇന്നലെ അവസാനിച്ചപ്പോൾ ആകെ ലഭിച്ചത് 4.61 ലക്ഷം അപേക്ഷകൾ.
ഓണ്‍ലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന സമയം ഇന്നലെ വൈകുന്നേരം അഞ്ചുവരെയായിരുന്നു. ഈ കാലയളവിനുള്ളിൽ 4,61,940 അപേക്ഷകളാണ് ലഭിച്ചത്.
എസ്എസ്എൽസി പരീക്ഷയെഴുതി വിജയിച്ച 4,29,494 പേരും സിബിഎസ്ഇ വിഭാഗത്തിൽനിന്നുള്ള 23,031 പേരും ഐസിഎഇ സിലബസിൽനിന്നുള്ള 2300 വിദ്യാർഥികളും മറ്റു വിഭാഗങ്ങളിൽ പത്താം ക്ലാസ് പരീക്ഷ വിജയിച്ച 7115 വിദ്യാർഥികളുമാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചത്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ അപേക്ഷിച്ചത് മലപ്പുറം ജില്ലയിലാണ്-82236. 12131 വിദ്യാർഥികൾ അപേക്ഷിച്ച വയനാടാണ് ഏറ്റവും പിന്നിൽ ഈ മാസം 24 ന് ട്രയൽ അലോട്ട്മെന്റ് നടത്തും.
ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിന്. മുഖ്യഘട്ടത്തിൽ മൂന്നു അലോട്ട്മെന്റുകളാണുള്ളത്. ജൂണ്‍ 17 ന് മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് നടത്തി ജൂണ്‍ 18 മുതൽ പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കും.